സിദ്ദീഖ് കാപ്പന്‍ കേസിലെ ഗൂഢാലോചന പുറത്ത്; മുഖ്യ സാക്ഷി ആര്‍എസ്എസ് വാരികയുടെ അസോഷ്യേറ്റ് എഡിറ്റര്‍
ഇന്‍ഡസ് സ്‌ക്രോള്‍സ് ഫേസ്ബുക്കിലെ ലാഭേച്ഛയില്ലാത്ത മാധ്യമ സംരംഭമായാണ് സ്വയം വിശേഷിപ്പിക്കുന്നത്, അതിന്റെ ടാഗ്‌ലൈന്‍ 'ഞങ്ങള്‍ ദേശീയവാദികളാണ്' എന്നാണ്. ശ്രീദത്തന്‍ ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ പ്രത്യയശാസ്ത്ര പക്ഷപാതം യുപി എസ്ടിഎഫിന്റെ കുറ്റപത്രത്തില്‍ എവിടേയും പരാമര്‍ശിക്കുന്നില്ല.
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടം മുതല്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന റിപോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യുപി പോലിസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് അഥവാ എസ്ടിഎഫ് ഈ കേസില്‍ സിദ്ദിഖ് കാപ്പനെതിരേ മുഖ്യസാക്ഷിയായി അവതരിപ്പിച്ചിരിക്കുന്നത് ഇന്‍ഡസ് സ്‌ക്രോള്‍സ് എന്ന വെബ്‌സൈറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ അസോഷ്യേറ്റ് എഡിറ്ററുമായ ജി. ശ്രീദത്തനെയാണ്. അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് കാപ്പന്‍ ശ്രീദത്തനെതിരേ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
2020 ഒക്‌ടോബര്‍ 5ന് ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ മഥുരയിലെ ടോള്‍ പ്ലാസയില്‍ വെച്ചാണ് കാപ്പനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഒക്‌ടോബര്‍ ഏഴിന് യുപി പോലിസ് നല്‍കിയ പ്രഥമവിവര റിപോര്‍ട്ട് പ്രകാരം കാപ്പനെതിരെ 124 എ (രാജ്യദ്രോഹം), 153 എ (വിദ്വേഷം വളര്‍ത്തല്‍), 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍) എന്നീ വകുപ്പുകളും യുഎപിഎ വകുപ്പുകളുമാണ് ചുമത്തിയത്.
2020 നവംബര്‍ 18 ന്, അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് ഡയറിയില്‍ കാപ്പന്റെ ലാപ്‌ടോപ്പിന്റെ ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ച ഒരു നിയമ നോട്ടിസിന്റെ പകര്‍പ്പ് കണ്ടെടുത്തതായി അദ്ദേഹം കുറിച്ചിട്ടുണ്ട്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് കാപ്പനെതിരേ അന്വേഷണം നടത്താനാണ് യുപി എസ്ടിഎഫ് ഈ വക്കീല്‍ നോട്ടിസ് ഉപയോഗിച്ചത്.
ശ്രീദത്തനെ അഭിസംബോധന ചെയ്ത വക്കീല്‍ നോട്ടിസായിരുന്നു ലാപ്‌ടോപ്പില്‍ നിന്ന് ലഭിച്ചത്. കാപ്പനെതിരായി ശ്രീദത്തന്‍ എഴുതിയ ലേഖനം അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമായതിനാല്‍ ഒരു പ്രത്യേക ലേഖനം ഉടനടി പ്രസിദ്ധീകരിക്കാന്‍ ശ്രീദത്തനോട് നിര്‍ദേശിക്കുന്ന വക്കീല്‍ നോട്ടിസായിരുന്നു അത്.
പൗരത്വ പ്രക്ഷോഭ സമയത്ത് ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരണപ്പെട്ടെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുന്നതില്‍ കാപ്പന് പങ്കുണ്ടെന്ന് 2020 മാര്‍ച്ച് 1 ന് ഇന്‍ഡസ് സ്‌ക്രോള്‍സില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ശ്രീദത്ത് ആരോപിച്ചിരുന്നു. പോലിസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജാമിഅ വിദ്യാര്‍ഥികള്‍ വെടിയേറ്റ് മരിച്ചതിനെക്കുറിച്ച് മലയാള മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ സിദ്ദിഖ് നിര്‍ണായക പങ്ക് വഹിച്ചുവെന്ന് ലേഖനത്തില്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ അക്രമം നടത്താന്‍ പിഎഫ്‌ഐ പദ്ധതിയിട്ടിരുന്നതായും കാപ്പന്‍ മലയാള മാധ്യമങ്ങളില്‍ ഹിന്ദു വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ തന്റെ സ്വാധീനവും ഫണ്ടും ഉപയോഗിച്ചുവെന്നും ലേഖനം ആരോപിച്ചിരുന്നു.
സിദ്ദിഖ് കാപ്പന്റെ സ്വാധീനം കാരണം, ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെയും ഡല്‍ഹി പോലിസ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെയും കൊലപാതകങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ മലയാള മാധ്യമങ്ങളില്‍ വേണ്ടത്ര ഇടം നേടിയിട്ടില്ലെന്നും ഇന്‍ഡസ് സ്‌ക്രോള്‍സിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു.
കാപ്പന്റെ ലാപ്‌ടോപ്പില്‍ വക്കീല്‍ നോട്ടീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുപി എസ്ടിഎഫ് ശ്രീദത്തനെ ബന്ധപ്പെട്ടു. ശ്രീദത്തന്‍ ടെലിഫോണ്‍ മുഖേന നല്‍കിയ മൊഴിയില്‍ കാപ്പനും കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ്‌സ് എന്ന പത്രപ്രവര്‍ത്തക സംഘടനയ്‌ക്കെതിരേയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി 2020 നവംബര്‍ 18ലെ അന്വേഷണ ഉദ്യോഗസ്ഥന്റെ കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാപ്പന് പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്‌ഐയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു പത്രപ്രവര്‍ത്തകന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ശ്രീദത്തന്‍ ആരോപിച്ചു. കെയുഡബ്ല്യുജെ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന പരാതികള്‍ പരാമര്‍ശിച്ച ശ്രീദത്തന്‍ യുപി എസ്ടിഎഫിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞു. ഇന്‍ഡസ് സ്‌ക്രോള്‍ എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമാണ് ശ്രീദത്തന്‍. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ അസോഷ്യേറ്റ് എഡിറ്ററാണ് താനെന്ന് അദ്ദേഹത്തിന്റെ ട്വിറ്റര്‍ ബയോയും പറയുന്നു.
ഇന്‍ഡസ് സ്‌ക്രോള്‍സ് ഫേസ്ബുക്കിലെ ലാഭേച്ഛയില്ലാത്ത മാധ്യമ സംരംഭമായാണ് സ്വയം വിശേഷിപ്പിക്കുന്നത്, അതിന്റെ ടാഗ്‌ലൈന്‍ 'ഞങ്ങള്‍ ദേശീയവാദികളാണ്' എന്നാണ്. ശ്രീദത്തന്‍ ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളുടെ പ്രത്യയശാസ്ത്ര പക്ഷപാതം യുപി എസ്ടിഎഫിന്റെ കുറ്റപത്രത്തില്‍ എവിടേയും പരാമര്‍ശിക്കുന്നില്ല.
യുപി എസ്ടിഎഫിന് ശ്രീദത്തന്‍ നല്‍കിയ മൊഴി ആരംഭിക്കുന്നത് ഇങ്ങനെയാണ്, 'സിദ്ദിഖ് കാപ്പന്‍ ഡല്‍ഹിയില്‍ താമസിച്ചത് പിഎഫ്‌ഐയുടെ അജണ്ട മുന്നോട്ടുകൊണ്ടുപോകാനാണ്. രാജ്യത്തുടനീളം വിഭാ?ഗീയത ഉണ്ടാക്കുന്നതിനായി വര്‍ഗീയ വികാരം ഉണര്‍ത്തുന്നതിനുമാണിത്. 2020 നവംബര്‍ 27 ന് രേഖപ്പെടുത്തിയ മറ്റൊരു മൊഴിയില്‍, കാപ്പന്‍ മലയാളം ദിനപത്രമായ തേജസിന്റെ ഗള്‍ഫ് എഡിഷനില്‍ റിപോര്‍ട്ടര്‍ ആയിരിക്കെ, 2011 ല്‍ ഒരു കവര്‍ സ്‌റ്റോറി ചെയ്തുവെന്നും ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചിരുന്നുവെന്നും പറയുന്നു. ബിന്‍ ലാദന്റെ ഫോട്ടോയും ഖുര്‍ആനില്‍ നിന്നുള്ള രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ഉദ്ധരണിയും കാണിക്കുന്ന കവര്‍ പേജിന്റെ വിവര്‍ത്തനവും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ശ്രീദത്തന്‍ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ പ്രത്യയശാസ്ത്രപരമായ പക്ഷപാതം ഉണ്ടായിരുന്നിട്ടും യുപി എസ്ടിഎഫ് ശ്രീദത്തനെ വിശ്വസനീയമായ സാക്ഷിയായി കാണുന്നു, കൂടാതെ കാപ്പന്റെ അറസ്റ്റിന് മാസങ്ങള്‍ക്ക് മുമ്പ് കാപ്പന്‍ ശ്രീദത്തനും ഇന്‍ഡസ് സ്‌ക്രോള്‍സിനുമെതിരേ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
അവലംബം: ന്യൂസ് ലോണ്ട്രി

