ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് തിരിച്ചടി; അനുബന്ധ കുറ്റപത്രം കോടതി മടക്കി

കേസില്‍ സിബിഐ സമര്‍പ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി. സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും സെഷന്‍സ് കോടതി നിര്‍ദേശിച്ചു. കേസിന്റെ വിചാരണ തലശ്ശേരിയില്‍നിന്ന് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

Update: 2019-02-19 09:43 GMT

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐയ്ക്ക് തിരിച്ചടി. കേസില്‍ സിബിഐ സമര്‍പ്പിക്കപ്പെട്ട അനുബന്ധ കുറ്റപത്രം തലശ്ശേരി സെഷന്‍സ് കോടതി മടക്കി. സിബിഐയ്ക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും സെഷന്‍സ് കോടതി നിര്‍ദേശിച്ചു. കേസിന്റെ വിചാരണ തലശ്ശേരിയില്‍നിന്ന് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

വിചാരണ ജില്ലയ്ക്ക് പുറത്തേക്കുമാറ്റുന്നത് ഈ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ തലശ്ശേരിയില്‍ കേസിന്റെ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും നീതിപൂര്‍വമായ വിചാരണ നടത്താനാവില്ലെന്നും ചൂണ്ടിക്കാട്ടി സിബിഐ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. വിചാരണ ഏത് കോടതിയില്‍ വേണമെന്ന് തീരുമാനിക്കല്‍, കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജി എന്നിവയാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ഇരുകൂട്ടര്‍ക്കും എതിര്‍പ്പുകള്‍ ഉന്നയിക്കാനുള്ള അവസരം കോടതി നല്‍കിയിരുന്നു.

എന്നാല്‍, കഴിഞ്ഞ തവണ പി ജയരാജന്‍ ഹാജരാവാതെ അവധി അപേക്ഷ നല്‍കുകയാണ് ചെയ്തത്. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയ്ക്കുമെതിരേ കൊലക്കുറ്റം ചുമത്തി നേരത്തേ തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ടി വി രാജേഷിനെതിരേ ഗൂഢാലോചനയ്ക്കും കേസെടുത്തു. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ജയരാജനെതിരേ തലശ്ശേരി കോടതിയില്‍ സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതെന്നതാണ് ശ്രദ്ധേയം. എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News