'അങ്ങോട്ടുമിങ്ങോട്ടും വെടിവയ്പുണ്ടായി'; വയനാട് ഏറ്റുമുട്ടലിനെ ന്യായീകരിച്ച് എസ് പി ജി പൂങ്കുഴലി
വേല്‍മുരുകനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റമുട്ടലിലാണെന്ന് സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ആരോപിക്കുന്നതിനിടെയാണ് ജില്ലാ പോലിസ് മേധാവിയുടെ പ്രതികരണം.
കല്‍പ്പറ്റ: വയനാട്ടില്‍ മാവോവാദികളുമായുളള ഏറ്റുമുട്ടലിനെ ന്യായീകരിച്ച് വയനാട് ജില്ലാ പോലിസ് മേധാവി ജി പൂങ്കുഴലി. മാവോവാദികളുമായി അങ്ങോട്ടുമിങ്ങോട്ടും വെടിവയ്പുണ്ടായെന്നും എന്നാല്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും എസ് പി പറഞ്ഞു. ഏറ്റുമുട്ടല്‍ ഏകപക്ഷീയമാണെന്നത് വെറും ആരോപണം മാത്രമാണ്. ഏറ്റമുട്ടലിനിടയില്‍ കൂടുതല്‍ പരിക്കേറ്റതാവാം വേല്‍മുരുകന്റെ മരണത്തിന് കാരണം. ഏറ്റുമുട്ടലിന് ശേഷം മൂന്നുമണിക്കൂറോളം നീണ്ട പരിശോധനയിലാണ് വേല്‍മുരുകന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാവും. വേല്‍മുരുകന്റെ കൈവശമുണ്ടായിരുന്ന തോക്ക്, സ്ഫോടകവസ്തുക്കള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. വയനാട്ടില്‍ ഏഴുകേസുകളാണ് വേല്‍മുരുകനെതിരേ ഉള്ളത്. എല്ലാം യുഎപിഎ കേസുകളാണ്. പോലിസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ മോഷ്ടിക്കുകയും ഒരു പോലിസുകാരന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്. നിരവധി കേസുകള്‍ തമിഴ്നാട്ടിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ചുളള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 2015ല്‍ ഭരണകൂടം രണ്ടുലക്ഷം പ്രഖ്യാപിച്ചുരുന്നു. 15 വര്‍ഷമായി ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നയാളാണ് വേല്‍മുരുകനെന്നും എസ് പി ജി പൂങ്കുഴലി പറഞ്ഞു.
അതേസമയം, ഏറ്റുമുട്ടലില്‍ മാവോവാദികളില്‍ മറ്റാര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന് വ്യക്തമായിട്ടില്ല. സംഭവസ്ഥലത്തുനിന്ന് രക്തസാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എഫ്എസ്എല്‍ റിപോര്‍ട്ട് വന്നാല്‍ മാത്രമേ സംഘത്തിലെ മറ്റാര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് പറയാനാവൂ. പരിക്കേറ്റ് സംശയാസ്പദമായ രീതയില്‍ ആരെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയാണെങ്കില്‍ വിവരം നല്‍കണമെന്ന് കാണിച്ച് സമീപ ജില്ലകളിലെ എല്ലാ പോലിസ് മേധാവികള്‍ക്കും അതിര്‍ത്തി പ്രദേശങ്ങളായ കോയമ്പത്തൂര്‍, ഊട്ടി മൈസൂര്‍ തുടങ്ങി എല്ലായിടത്തും സന്ദേശം കൈമാറിയതായും അവര്‍ പറഞ്ഞു.
'Shooting back and forth'; SP G Poonkuzhali justifies Wayanad clash