ശാഹീന്‍ബാഗ് സമരപ്പന്തല്‍ പൊളിച്ചു നീക്കി: ഒമ്പത് പേര്‍ കസ്റ്റഡിയില്‍

Update: 2020-03-24 05:11 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ശാഹീന്‍ ബാഗ് സമരപ്പന്തല്‍ പൊളിച്ചുനീക്കി. ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ 101 ദിവസമായി തുടരുന്ന സമരപ്പന്തലാണ് പോലിസ് പൊളിച്ചുനീക്കിയത്. ഇന്ന് രാവിലെ സമരപ്പന്തലിലെത്തിയ പോലിസ് ബലം പ്രയോഗിച്ചാണ് സമരക്കാരെ ഒഴിപ്പിച്ചത്. പ്രക്ഷോഭകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്ന് പോലിസ് പറഞ്ഞു. അതേസമയം, ആറ് സ്ത്രീകളേയും മൂന്ന് പുരുഷന്‍മാരെയും 144 ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

    നേരത്തേ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശാഹീന്‍ബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 10ല്‍ കൂടുതല്‍ പേര്‍ കൂട്ടമായിരിക്കുന്നതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനോട് അനുഭാവപൂര്‍വമായിരുന്നു സമരക്കാര്‍ പ്രതികരിച്ചത്. സമരപ്പന്തലില്‍ ആള്‍ക്കൂട്ടത്തെ കുറച്ചും നിശ്ചിത അകലം പാലിച്ചുമായിരുന്നു പ്രതിഷേധക്കാര്‍ സമരം നടത്തിയിരുന്നത്. അതേസമയം, സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശാഹീന്‍ബാഗിലെ സമരക്കാരോട് ഒഴിഞ്ഞുപോവാന്‍ പോലിസ് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ദേശം പാലിക്കാന്‍ ഇവര്‍ തയ്യാറാവാത്തതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നതെന്ന് പോലിസ് പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടിക്ക് മുമ്പ് ശാഹീന്‍ബാഗില്‍ പോലിസ് 144 പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക ഭരണകുടത്തിന്റെ സഹായത്തോടെ പ്രതിഷേധ സ്ഥലം വൃത്തിയാക്കുമെന്നും പോലിസ് അറിയിച്ചു.

    നേരത്തേ, ശാഹീന്‍ബാഗ് സമരപ്പന്തലിന് ജനതാ കര്‍ഫ്യൂ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭ പന്തല്‍ ലക്ഷ്യമിട്ടാണ് പെട്രോള്‍ ബോംബെറിഞ്ഞതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു.




Tags:    

Similar News