മാവോവാദി വേട്ട: നിർണായക അന്ത്യം കുറിക്കുമെന്ന് അമിത് ഷാ

മാവോവാദികൾക്കെതിരേയുള്ള ഈ യുദ്ധം തീവ്രമാക്കുമെന്ന് ഇന്ത്യക്കാർക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ യുദ്ധ അവസാനം ഞങ്ങൾ വിജയിക്കും.

Update: 2021-04-05 12:44 GMT

ബീജാപൂർ: മാവോവാ​ദി വേട്ടയിൽ നിർണായക അന്ത്യം കുറിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷാ സേനയും മാവോവാ​ദികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച ശേഷം ഛത്തീസ്​ഗഡിലെ ജ​ഗദൽപൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാവോവാദികൾക്കെതിരേയുള്ള ഈ യുദ്ധം തീവ്രമാക്കുമെന്ന് ഇന്ത്യക്കാർക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ യുദ്ധം അവസാനം ഞങ്ങൾ വിജയിക്കും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ വനമേഖലയിൽ സൈനിക​ ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. ഇത് ഇത്തരം സംഭവങ്ങൾക്ക് കാരണമാകുന്ന മാവോവാദികളെ അലോസരപ്പെടുത്തിയെന്നും അമിത്ഷാ പറഞ്ഞു.

മാവോവാദികളുടെ പ്രവർത്തന സാഹചര്യത്തെക്കുറിച്ച് പോലിസ് ഹെഡ് ക്വാർട്ടേഴ്സിൽ ഉന്നതതല യോഗവും അമിത് ഷാ വിളിച്ചു ചേർത്തു. മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, സംസ്ഥാന പോലിസിലെ മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര റിസർവ് പോലിസ് സേന (സിആർപിഎഫ്) ഉദ്യോ​ഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.


രാവിലെ പിതിനൊന്നോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജഗദൽപൂർ വിമാനത്താവളത്തിൽ എത്തിയത്. കൊല്ലപ്പെട്ട ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം അമിത് ഷായുടെ ആദ്യ ബസ്തർ മേഖല സന്ദർശനമാണിത്.

അതേസമയം അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ തെലങ്കാന പോലിസ് വനമേഖലയിൽ വ്യാപക കോംബിങ് ഓപറേഷൻ ആരംഭിച്ചു. ഇതിന്റെ ഭാ​ഗമായി തെലങ്കാന പോലിസ് സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി. ഭദ്രദ്രി കോതഗുഡെം, മുളുഗു ജില്ലകളിലാണ് കോംബിങ് ശക്തമാക്കിയിരിക്കുന്നത്.