പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ സന്ദേശം പ്രചരിപ്പിക്കാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മതം മാറുന്നു

മതമെന്നിടത്ത് ഹിന്ദു എന്നതിനു പകരം മുസ്‌ലിം ആക്കിയാണ് പ്രചാരണം. രാജ്യസഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാംനാഥ് കോവിന്ദ് ഒപ്പുവച്ച ശേഷമാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വ്യാപകമായി മതം മാറിത്തുടങ്ങിയത്.

Update: 2019-12-15 12:16 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ സന്ദേശം പ്രചരിപ്പിക്കാന്‍ നിരവധി ഹിന്ദുക്കളായ ട്വിറ്റര്‍ ഉപഭോക്താക്കള്‍ തങ്ങളുടെ വ്യക്തിപരമായ പ്രൊഫൈലില്‍ മാറ്റംവരുത്തുന്നു. മതമെന്നിടത്ത് ഹിന്ദു എന്നതിനു പകരം മുസ്‌ലിം ആക്കിയാണ് പ്രചാരണം. രാജ്യസഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാംനാഥ് കോവിന്ദ് ഒപ്പുവച്ച ശേഷമാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ വ്യാപകമായി മതം മാറിത്തുടങ്ങിയത്. ഞാന്‍ മുസ്‌ലിമാണ്, ഞാന്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്ന ഒരു സന്ദേശം.


ഒരേ സന്ദേശം പലരും കോപ്പി ചെയ്ത് പ്രചരിപ്പിക്കുകയാണ്. 'രാജ്യവ്യാപകമായി മുസ്‌ലിം സഹോദരന്‍മാര്‍ നടത്തുന്ന പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളെ ഞാന്‍ അപലപിക്കുന്നു. അത്തരക്കാര്‍ക്ക് ബില്ല് എന്താണെന്ന് അറിയില്ല, അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് രാഷ്ട്രീയപ്രേരിതമായ നീക്കങ്ങള്‍ നടത്തുകയാണ്. ജെയ് ഹിന്ദ്.'' ഏകദേശം ഈ തരത്തിലുള്ള സന്ദേശമാണ് നിരവധി അക്കൗണ്ടിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ആള്‍ട്ട് ന്യൂസ് നടത്തിയ അന്വേഷണമാണ് ഇത്തരം നിരവധി പ്രൊഫൈലുകളുടെ വിവരം പുറത്തുകൊണ്ടുവന്നത്. @thegirl_youhate എന്ന ഹാന്റില്‍ മാര്‍ച്ചില്‍ അവകാശപ്പെട്ടത് 'I'm hindu bruh. എന്നാണ്. ചില സമയത്ത് ആര്‍ത്തി പാല്‍ എന്നും സ്വയം വിശേഷിപ്പിച്ചു. ഇപ്പോള്‍ ഇതേ ട്വിറ്റര്‍ അക്കൗണ്ട് പറയുന്നത് ഞാന്‍ മുസ്‌ലിമാണെന്നാണ്. @ambersariyaaaa എന്ന അക്കൗണ്ട് ഇപ്പോള്‍ മുസ്‌ലിമാണ്. പക്ഷേ, ഇതേ അക്കൗണ്ട് ആഗസ്ത് 22, 2019 ല്‍ പറഞ്ഞിരുന്നത് സഹോദര ഞാനൊരു ഹിന്ദുവാണെന്നാണ്. ഇത്തരം നിരവധി ഉദാഹരങ്ങള്‍ ആള്‍ട്ട് ന്യൂസ് കണ്ടെത്തിയിട്ടുണ്ട്. 

Tags:    

Similar News