വിയ്യൂർ അതിസുരക്ഷാ ജയിലിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി
തടവുകാരെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും വ്യാജവാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും കോടതി കണ്ടെത്തി
കോഴിക്കോട്: തൃശൂർ വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കോടതി. കളമശേരി ബസ് കത്തിക്കൽ കേസിൽ കുറ്റാരോപിതനായ പറവൂർ സ്വദേശി അനൂപ് നൽകിയ പരാതിയിലാണ് കൊച്ചി എൻഐഎ കോടതിയുടെ കണ്ടെത്തൽ. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ ജയിലിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാത്തതിന് പ്രതികാര നടപടി കൈക്കൊണ്ട ജയിൽ സുപ്രണ്ടിന്റെ നടപടിക്കെതിരേയാണ് അനൂപ് കോടതിയെ സമീപിച്ചത്.
സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 30 പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ലെന്നിരിക്കേ ചട്ടവിരുദ്ധമായി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് വിട്ടു നിന്നതിന്റെ പേരിൽ ജയിൽ അധികൃതർ തടവുകാരെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും വ്യാജവാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നും കോടതി കണ്ടെത്തി. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു വ്യാജവാർത്ത.
ആഗസ്ത് 17 നായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പരാതി ജയിൽ സുപ്രണ്ട് എൻഐഎ കോടതിക്ക് നൽകുന്നത്. തുടർന്ന് അനൂപിന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ കോടതി ആവശ്യപ്പെടുകയും ചെയ്തു. സംഭവസമയം ആരും തന്നെ മുദ്രാവാക്യം വിളിച്ചില്ലെന്ന് കോടതി കണ്ടെത്തി. സ്വാതന്ത്ര്യദിന ചടങ്ങിൽ അറുപത് പേരെ പങ്കെടുപ്പിച്ചെന്നും കോടതി വിധി പ്രസ്താവത്തിൽ പറയുന്നു.
ചട്ടവിരുദ്ധമായി സംഘടിപ്പിച്ച പരിപാടി ആയിട്ടുപോലും, പങ്കെടുത്തില്ലെന്ന കാരണത്താൽ കേരള ജയിൽ ചട്ടം 82 പ്രകാരം പരിപാടിയിൽ നിന്ന് വിട്ടുനിന്നവരെ 16 ദിവസം പൂട്ടിയിട്ടിരുന്നു. കേരള ജയിൽ ചട്ടം 82 പ്രകാരം 14 ദിവസം മാത്രമേ ശിക്ഷിക്കാൻ അധികാരമുള്ളൂവെന്നിരിക്കേ 16 ദിവസം പൂട്ടിയിട്ടത് നിയമവിരുദ്ധമാണ്. തടവുകാരുടെ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളായ ബെഡ് അടക്കം നിഷേധിക്കുകയും ചെയ്തത് അതീവഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേരളാ ജയിൽ ചട്ടം 274 പ്രകാരം ഒരു വിചാരണ തടവുകാരനെ ജയിൽ മാറ്റണമെങ്കിൽ അതത് വിചാരണ കോടതിയിൽ നിന്ന് അനുമതിയുണ്ടായിരിക്കണമെന്ന് നിഷ്കർശിക്കുന്നുണ്ട്. എന്നാൽ അത്തരത്തിലുള്ള അനുമതിയില്ലാതെയാണ് തടവുകാരെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയതെന്ന് കോടതി പറഞ്ഞു.
ജയിലിലെ കുളിമുറികൾക്കുള്ളിൽ നിന്ന് സിസിടിവി കാമറകൾ നിയമവിരുദ്ധമാണെന്നും അവ നീക്കം ചെയ്യണമെന്നും മാവോവാദി നേതാവ് രൂപേഷ് നൽകിയ കേസിൽ ഇതേ കോടതി 2019 ജൂൺ 30 ന് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ കോടതി വിധി ജയിൽ സുപ്രണ്ട് അനുസരിച്ചില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും കോടതി നിരീക്ഷിച്ചു. കേരള ജയിൽ ചട്ടം 30 ന്റെ ലംഘനമാണ് ഇതെന്നും കോടതി പറഞ്ഞു.
തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങളാണ് വിയ്യൂർ അതിസുരക്ഷാ ജയിലിൽ നടക്കുന്നത്. ജയിൽ സൂപ്രണ്ടിന്റെ നിയമവിരുദ്ധ നടപടികൾ കണ്ടെത്തിയ എൻഐഎ കോടതി അദ്ദേഹത്തിനെതിരേ ക്രിമിനൽ നിയമ നടപടി ആരാഞ്ഞ് വിഷയം ഹൈക്കോടതിക്ക് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് വിചാരണ തടവുകാരുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റം വരുംദിനങ്ങളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.

