മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു

പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. നാഗാലാന്റ്, അരുണാചല്‍, അസം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവര്‍ണറായിരുന്നത്.

Update: 2022-04-24 16:45 GMT

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ ശങ്കരനാരായണന്‍ (90) അന്തരിച്ചു. പാലക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. കേരളത്തിന്റെ ധനകാര്യമന്ത്രിയായിരുന്നു. നാഗാലാന്റ്, അരുണാചല്‍, അസം, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് അദ്ദേഹം ഗവര്‍ണറായിരുന്നത്. ഗോവയുടേയും ചുമതല വഹിച്ചിരുന്നു. ശങ്കരന്‍ നായരുടെയും ലക്ഷ്മിയമ്മയുടെയും മകനായി 1932 ഒക്ടോബര്‍ 15ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരില്‍ ജനിച്ചു.

വിദ്യാര്‍ഥിയായിരുന്ന കാലഘട്ടത്തില്‍തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1946ല്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായിരുന്ന സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകനായിരുന്നു പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു സജീവ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. പാലക്കാട് ഡിസിസിയുടെ സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1969ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977ല്‍ തൃത്താലയില്‍ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി.

1980ല്‍ ശ്രീകൃഷ്ണപുരത്ത് നിന്നും 1987ല്‍ ഒറ്റപ്പാലത്ത് നിന്നും 2001ല്‍ പാലക്കാട് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982ല്‍ ശ്രീകൃഷ്ണപുരത്തു നിന്ന് മല്‍സരിച്ചെങ്കിലും സിപിഎമ്മിലെ ഇ പത്മനാഭനോടും 1991ല്‍ ഒറ്റപ്പാലത്ത് നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് എസിലെ വി സി കബീറിനോടും പരാജയപ്പെട്ടു. 1985 മുതല്‍ 2001 വരെ നീണ്ട 16 വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു. 1989-1991 കാലയളവില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായും 1977-1978ല്‍ കെ കരുണാകരന്‍, എ കെ ആന്റണി മന്ത്രിസഭകളില്‍ കൃഷി, സാമൂഹിക ക്ഷേമ മന്ത്രിയായും 2001-2004 ലെ എ കെ ആന്റണി മന്ത്രിസഭയിലെ ധനകാര്യ, എക്‌സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചു.

ആറ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവി വഹിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍. അരുണാചല്‍ പ്രദേശ് (04-09-2007 26-01-2008), അസം (26-06-2009- 27-07-2009), നാഗാലാന്‍ഡ് (03-02-2007- 28-07-2009), ജാര്‍ഖണ്ഡ് (26-07-2009- 21-01-2010), ഗോവ (അധികചുമതല) (27-08-2011- 04-05-2012), മഹാരാഷ്ട്ര (22-01-2010- 24-08-2014) എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുണ്ട്. ഭാര്യ: രാധ. ഏകമകള്‍: അനുപമ.

Tags:    

Similar News