എസ്ഡിപിഐ സംസ്ഥാന സമിതിയോഗം നാളെ തൃശ്ശൂരില്‍; തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാട് നിര്‍ണായകം

Update: 2021-02-08 10:08 GMT

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള എസ്ഡിപിഐയുടെ നിലപാട് നാളെ തൃശ്ശൂരില്‍ പ്രഖ്യാപിക്കും. തൃശ്ശൂരില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയോഗം നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയ നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യും. യോഗത്തിനു ശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക പാര്‍ട്ടി നിലപാട് സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിക്കും. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷനു സമീപമുള്ള പേള്‍ റീജ്യന്‍സിയില്‍ നടക്കുന്ന യോഗം രാവിലെ 10.30ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേരളം, കര്‍ണാടക, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കു ലഭിച്ച അംഗീകാരം വലിയ ആത്മവിശ്വാസമാണ് പകരുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം നിയമസഭ മണ്ഡലങ്ങളിലും പാര്‍ട്ടി മല്‍സരിക്കാനാണ് സാധ്യത. മണ്ഡലങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് സാധ്യതാപഠനം പൂര്‍ത്തിയായി വരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്നാക്ക സംവരണം, യുഡിഎഫിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാട്, എന്‍ഡിഎയുടെ തീവ്രവര്‍ഗ്ഗീയ പ്രചരണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും. നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന മണ്ഡലങ്ങള്‍, സ്ഥാനാര്‍ഥികള്‍ എന്നിവ സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

Tags: