നിയമസഭ തിരഞ്ഞെടുപ്പ്; എസ്ഡിപിഐ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Update: 2021-03-08 12:47 GMT

തിരുവനന്തപുരം: എസ്ഡിപിഐ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കരുത്ത് തെളിയിക്കും.

ഫാഷിസത്തിനെതിരേ പരിമിതിയില്ലാത്ത ജനാധിപത്യ പോരാട്ടം പാര്‍ട്ടി നടത്തും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സവിശേഷമായൊരു രാഷ്ട്രീയാന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നു. മുന്‍പൊക്കെ തിരഞ്ഞെടുപ്പ് അടുത്താല്‍, കൃത്യവും വിപുലവുമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് സംസ്ഥാനം വേദിയാകുമായിരുന്നു. മതേതര പാര്‍ട്ടികള്‍ വരെ ഹിന്ദുത്വ ഭൂമികയില്‍ നിന്നുള്ള ചര്‍ച്ചകളും പ്രചാരണങ്ങളുമാണ് നടത്തുന്നത്. ബിജെപി വിഭാവനം ചെയ്യുന്ന വിദ്വേഷാധിഷ്ടിതമായ സാമൂഹിക വിഭജനത്തിന് ഇടതു വലതു മുന്നണികള്‍ അവരാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കുന്നത് മതേതര വിശ്വാസികളെ നിരാശരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 94 മണ്ഡലങ്ങളില്‍ മല്‍സരിച്ചിരുന്നു. ഇത്തവണയും ഏതാണ്ട് അത്രയും മണ്ഡലങ്ങളില്‍ പാര്‍ട്ടി മല്‍സരിക്കാനാണ് സാധ്യത. സംഘപരിവാറുമായി ഒഴിഞ്ഞും തെളിഞ്ഞും ബന്ധം സ്ഥാപിക്കുന്ന, സംവരണ വിഷയത്തില്‍ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരാണ് ഇടതുവലതു മുന്നണികള്‍.

തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പാര്‍ട്ടിയുടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നതിന് ശേഷമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍, സംഘപരിവാര വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന എസ്ഡിപിഐ അവരെ പരാജയപ്പെടുത്താനുള്ള സമീപനം സ്വീകരിക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുണ്ടാക്കിയ ധാരണ വിവാദമായപ്പോഴാണ് എസ്ഡിപിഐ-എല്‍ഡിഎഫ് ബന്ധം യുഡിഎഫ് ഉയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ സ്വതന്ത്രസ്ഥാനാര്‍ഥി എല്‍ഡിഎഫിനും തിരുവല്ലയില്‍ പാര്‍ട്ടി അംഗം യുഡിഎഫിനുമായിരുന്നു പിന്‍തുണ നല്‍കിയിരുന്നത്. ഭരണ സ്തംഭനം ഉണ്ടാകാതിരിക്കാന്‍ പലയിടങ്ങളിലും പാര്‍ട്ടി ഇടതു-വലതു മുന്നണികള്‍ക്ക് പിന്‍തുണ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയോട് എത്രകാലം ഇടതുപക്ഷത്തിന് അകലം പാലിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

എസ്ഡിപിഐ സ്ഥാനാര്‍ഥികളും മല്‍സരിക്കുന്ന മണ്ഡലങ്ങളും;

അജ്മല്‍ ഇസ്മായീല്‍(വാമനപുരം), ഷറാഫത്ത് മല്ലം (ചടയമംഗലം), ജോണ്‍സണ്‍ കണ്ടച്ചിറ(ചവറ), അഡ്വ. സുമയ്യ നജീബ് (കരുനാഗപ്പള്ളി), അഷറഫ് ചുങ്കപ്പാറ (റാന്നി), എം എം താഹിര്‍ (അമ്പലപ്പുഴ), അജ്മല്‍ കെ മുജീബ് (പെരുമ്പാവൂര്‍), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കുന്നത്തുനാട്),

വി എം ഫൈസല്‍ (കളമശ്ശേരി), റഷീദ് എടയപ്പുറം (ആലുവ), വി എസ് അബൂബക്കര്‍ (കുന്നംകുളം), ഫൈസല്‍ ഇബ്രാഹീം( മണലൂര്‍), എം കെ ഷമീര്‍ (കൈപ്പമംഗലം), അഷറഫ് വടക്കൂട്ട് (ഗുരുവായൂര്‍), എസ്പി അമീര്‍ അലി (പട്ടാമ്പി), അന്‍വര്‍ പയഞ്ഞി (പൊന്നാനി), ബാബുമണി കരുവാരക്കുണ്ട് (നിലമ്പൂര്‍), മുസ്തഫ പാലേരി (വടകര), നാസര്‍ പേരോട് (നാദാപുരം), വാഹിദ് ചെറുവാറ്റ (കുന്നമംഗലം), ഷംസുദ്ദീന്‍ മൗലവി (കണ്ണൂര്‍), ലിയാഖത്ത് അലി (തൃക്കരിപ്പൂര്‍).

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന സമിതിയംഗം കൃഷ്ണന്‍ എരഞ്ഞിക്കല്‍, ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല എന്നിവര്‍ സംബന്ധിച്ചു.

Tags: