കൊവിഡ് രണ്ടാം തരംഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്രം അവഗണിച്ചു; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍

പുതിയതും കൂടുതല്‍ വ്യാപനശേഷിയുള്ളതുമായ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം രാജ്യത്ത് പിടിമുറുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ശാസ്ത്ര ഉപദേശക സമിതി മാര്‍ച്ചില്‍ത്തന്നെ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സാര്‍സ്‌കോവ്- 1 ജനറ്റിക്‌സ് കണ്‍സോര്‍ഷ്യം എന്ന പേരില്‍ രൂപീകരിച്ച സമിതിയില്‍ അംഗങ്ങളായ അഞ്ച് ശാസ്ത്രജ്ഞര്‍ റോയിട്ടേഴ്‌സിനോടാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

Update: 2021-05-03 06:32 GMT

ന്യൂഡല്‍ഹി: പുതിയതും മാരകവുമായ വകഭേദം സംഭവിച്ച കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമായി പടര്‍ന്നുപിടിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നിട്ടും മുഖവിലയ്‌ക്കെടുത്തില്ലെന്ന് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. കൊവിഡ് രണ്ടാം തരംഗം അപ്രതീക്ഷിതമായുണ്ടായതാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് ശാസ്ത്രജ്ഞരുടെ പ്രതികരണം. പുതിയതും കൂടുതല്‍ വ്യാപനശേഷിയുള്ളതുമായ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം രാജ്യത്ത് പിടിമുറുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ശാസ്ത്ര ഉപദേശക സമിതി മാര്‍ച്ചില്‍ത്തന്നെ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ സാര്‍സ്‌കോവ്- 1 ജനറ്റിക്‌സ് കണ്‍സോര്‍ഷ്യം എന്ന പേരില്‍ രൂപീകരിച്ച സമിതിയില്‍ അംഗങ്ങളായ അഞ്ച് ശാസ്ത്രജ്ഞര്‍ റോയിട്ടേഴ്‌സിനോടാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. പ്രധാനമന്ത്രിയ്ക്ക് നേരിട്ട് റിപോര്‍ട്ട് നല്‍കുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനാണ് സമിതി വിവരങ്ങള്‍ കൈമാറിയത്. മാര്‍ച്ച് ആദ്യം നല്‍കിയ റിപോര്‍ട്ടിന് ശേഷവും രാജ്യത്ത് ദശലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത കുംഭമേളയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപിയുടെ പ്രമുഖ നേതാക്കളുമെല്ലാം നേതൃത്വം നല്‍കിയ വന്‍ തിരഞ്ഞെടുപ്പ് റാലികളും നടത്തിയിരുന്നു. ഇതിലൂടെ ജനങ്ങളെ അറിഞ്ഞുകൊണ്ട് മരണക്കയത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഉത്തരേന്ത്യയിലെ ഒരു ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടറായ ശാസ്ത്രജ്ഞരിലൊരാളാണ് റോയിട്ടേഴ്‌സിനോട് ഇക്കാര്യം പറഞ്ഞത്. പുതിയ കണ്ടെത്തലുകള്‍ മോദിക്ക് തന്നെയാണോ കൈമാറിയതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് പറയുന്നു. കൃത്യമായ സമയത്ത് മുന്നറിയിപ്പ് നല്‍കിയിട്ടും കൊവിഡ് വ്യാപനം തടയുന്നതിന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് സമിതിയിലെ നാല് അംഗങ്ങള്‍ പറയുന്നത്. മോദിയുടെ കാര്‍ഷിക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ തെരുവീഥികളില്‍ തമ്പടിച്ചു.

കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തത് സംബന്ധിച്ച് റോയിട്ടേഴ്‌സ് പ്രതികരണം തേടിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന കോവിഡിന്റെ ജനിതക വകഭേദങ്ങളെക്കുറിച്ച് കണ്ടെത്തുന്നതിനായാണ് കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനത്തോടെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ സാര്‍സ്‌കോവ്-1 ജനറ്റിക്‌സ് കണ്‍സോര്‍ഷ്യം എന്ന ശാസ്ത്ര ഉപദേശകസമിതി രൂപീകരിച്ചത്. വൈറസ് വകഭേദങ്ങള്‍ പഠിക്കാന്‍ കഴിവുള്ള 10 ദേശീയ ലബോറട്ടറികളെ സമിതി ഒരു കുടക്കീഴില്‍ കൊണ്ടുവന്നു.

ഈ സമിതിയാണ് ഇപ്പോള്‍ കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നറിയപ്പെടുന്ന ബി.1.617 എന്ന വൈറസിനെ കണ്ടത്തിയത്. ഫെബ്രുവരി മാസം ആദ്യമായിരുന്നു അത്. തുടര്‍ന്ന് മാര്‍ച്ച് 10ന് മുമ്പായി ആരോഗ്യമന്ത്രാലയത്തിന്റെ നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(എന്‍സിഡിസി) അധികൃതര്‍ക്ക് സമിതി പുതിയ കണ്ടെത്തലുകളുടെ റിപോര്‍ട്ട് നല്‍കി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അതിവേഗം കൊവിഡ് പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന റിപോര്‍ട്ടായിരുന്നു അത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധയുള്ള മഹാരാഷ്ട്രയില്‍നിന്ന് ശേഖരിച്ച 15-20 ശതമാനം സാംപിളുകളില്‍ പുതിയ ജനിതക വകഭേദം സംഭവിച്ച വൈറസിനെ കണ്ടെത്തിയ കാര്യവും സമിതി ചൂണ്ടിക്കാട്ടിയിരുന്നു.

ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന് അതിവേഗം മനുഷ്യകോശത്തിനുള്ളില്‍ കടന്നുകയറാനും പ്രതിരോധശേഷിയെ കീഴടക്കാനും സാധിക്കുന്നുവെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. വൈകാതെ എന്‍സിഡിസി ഈ റിപോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറിയെന്നും സമിതിയംഗമായ ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തി. കൂടാതെ പുതിയ വൈറസിനെ തടയാന്‍ പരിശോധന വര്‍ധിപ്പിക്കലും ക്വാറന്റൈന്‍ നടപടികളും അനിവാര്യമാണെന്നും റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതീവ ജാഗ്രതയുണ്ടാവണമെന്ന് സൂചിപ്പിച്ച് സമിതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കിയിട്ടും യാതൊരു പ്രതികരണവുമുണ്ടായില്ല.

സമിതി തയ്യാറാക്കിനല്‍കിയ റിപോര്‍ട്ടും വാര്‍ത്താക്കുറിപ്പും രണ്ടാഴ്ചയ്ക്കുശേഷം മാര്‍ച്ച് 24നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്നത്. പക്ഷെ, അതിലും അതീവ ആശങ്കപ്പെടേണ്ട സാഹചര്യമാണിതെന്ന കാര്യം ഒഴിവാക്കുകയായിരുന്നു. വ്യക്തമായ തെളിവുകളുണ്ടായിട്ടും വലിയ ആള്‍ക്കൂട്ടങ്ങളൊഴിവാക്കുന്നതിനുള്‍പ്പെടെയുള്ള നടപടികളിലേക്ക് കേന്ദ്രം നീങ്ങിയില്ല. സമിതി കണ്ടെത്തിയ വിവരങ്ങള്‍ കൃത്യമായി നടപ്പാക്കിയിരുന്നെങ്കില്‍ രാജ്യത്ത് അതിരൂക്ഷമായ വ്യാപനത്തിന്റെ തോത് കുറക്കുന്നതിനും ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനും സാധിക്കുമായിരുന്നുവെന്ന് സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നയം രൂപീകരിക്കേണ്ടത്തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം, അല്ലാതെ മറ്റ് വഴികളിലൂടെയല്ല. നയരൂപീകരണത്തിന് ശാസ്ത്രം കണക്കിലെടുക്കാത്തതില്‍ ഞാന്‍ ഭയപ്പെടുന്നു. പക്ഷേ, എന്റെ അധികാരപരിധി എവിടെ വരെയാണെന്ന് എനിക്കറിയാം. ശാസ്ത്രജ്ഞരെന്ന നിലയില്‍ ഞങ്ങള്‍ തെളിവുകള്‍ നല്‍കുന്നു. നയരൂപീകരണം സര്‍ക്കാരിന്റെ ജോലിയാണ്- ഒരു ശാസ്ത്രജ്ഞന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു.

Tags: