ചതിയുടെ തനിയാവര്‍ത്തനം-പരമ്പര 5: മുന്നാക്ക പ്രീണനത്തിന്റെ സ്‌കോളര്‍ഷിപ്പ്, സംവരണ അട്ടിമറി യാഥാര്‍ഥ്യങ്ങള്‍...

പി സി അബ്ദുല്ല

Update: 2021-06-13 11:55 GMT

കോഴിക്കോട്: വിദ്യാഭ്യാസ മേഖലയില്‍ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങളിലും പ്രവേശനങ്ങളിലും മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന കടുത്ത വിവേചനവും െ്രെകസ്തവരടക്കമുള്ള മുന്നാക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രീണനവും പകല്‍പോലെ വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. മുസ്‌ലിം, ലത്തീന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പായി 6000 രൂപ ലഭിക്കുമ്പോള്‍ മുന്നാക്ക വികസന കോര്‍പറേഷന്‍ വഴി സവര്‍ണ ഹിന്ദു, െ്രെകസ്തവ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് 10,000 രൂപയാണ്. അതായത് ഒരേ കോളജില്‍ ഒരേ കോഴ്‌സിന് ഒരേ ബെഞ്ചില്‍ ഇരിക്കുന്ന മുസ്‌ലിം, പിന്നാക്ക വിഭാഗത്തിലെ കുട്ടിക്ക് ലഭിക്കുന്നതിനേക്കാള്‍ 4000 രൂപ കൂടുതലാണ് മുന്നാക്ക വിദ്യാര്‍ഥിക്ക് കിട്ടുന്നത്. ഈ അന്തരത്തിലെ ഓരോ വിദ്യാര്‍ഥിയുടെയും തോതനുസരിച്ച് പ്രതിവര്‍ഷം കോടികളുടെ വിവേചനമാണ് പൊതുഖജനാവില്‍ നിന്നു മുസ്‌ലിം വിദ്യാര്‍ഥികളക്കമുള്ള പിന്നാക്ക സമുദായങ്ങള്‍ നേരിടുന്നതെന്ന് വ്യക്തം.

    സ്‌കോളര്‍ഷിപ്പുകള്‍ക്കു വേണ്ടിയുള്ള വാര്‍ഷിക വരുമാന പരിധിയിലും മുന്നാക്കക്കാരന് പ്രീണനവും പിന്നാക്കക്കാരന് വിവേചനവും തന്നെ. പിന്നാക്കക്കാരിലെ പാവപ്പെട്ടവന്റെ വരുമാനപരിധി 45,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ആണെങ്കില്‍ മുന്നാക്കക്കാരിലെ പാവപ്പെട്ടവന്റെ പരിധി രണ്ടര ലക്ഷം രൂപയാണ്. മുന്നാക്ക കോര്‍പറേഷനു കീഴില്‍ ഹൈസ്‌കൂള്‍ തലത്തില്‍ മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 2000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. എന്നാല്‍, ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ പൊതു സ്‌കോളര്‍ഷിപ്പ് ഇല്ല. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മുന്നാക്ക വിഭാഗത്തിന് 4000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവിടെയും ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരില്‍ പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ ഇല്ല.

    ഡിഗ്രി നോണ്‍ പ്രഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് 6000 രൂപയാണ് മുന്നാക്ക വിഭാഗത്തിനെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തിന് അത് 5000 രൂപയാണ്. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് മുന്നാക്ക വിഭാഗത്തിന് 6000 രൂപയാണ് സ്‌കോളര്‍ ഷിപ്പ്. ന്യൂനപക്ഷ വിഭാഗത്തിനും 6000 രൂപ തന്നെയാണ്. പിജി നോണ്‍ പ്രഫഷനല്‍ മുന്നാക്ക വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ ലഭിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആറായിരം രൂപ മാത്രം. ഡിഗ്രി പ്രഫഷനല്‍ മുന്നാക്ക വിദ്യാര്‍ഥികള്‍ക്ക് 8,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 7000 രൂപ മാത്രം. പിജി പ്രഫഷനല്‍ മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 16000 രൂപയാണെങ്കില്‍ മുസ്‌ലിം, പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 7000 രൂപ മാത്രം.

    ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, ഐഐടി, ഐഎഎം, ഐസര്‍ തുടങ്ങിയ തുടങ്ങിയ ദേശീയ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠനത്തിന് മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 50,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. എന്നാല്‍, ഈ വിഭാഗത്തില്‍ ന്യൂനപക്ഷേമ വിഭാഗത്തില്‍ മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് യാതൊരു സ്‌കോളര്‍ഷിപ്പും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. എം ഫിലിനു പഠിക്കുന്ന മുന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 25,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒന്നുമില്ല. പിഎച്ച്ഡിക്കു പഠിക്കാന്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് 25,000 സ്‌കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവിടെയും പൂജ്യമാണ്. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ പിന്നാക്ക സമൂഹങ്ങള്‍ക്ക് മറ്റു പിന്നാക്ക വിഭാഗങ്ങളേക്കാള്‍ വളരെ കുറഞ്ഞ അളവിലാണ് സ്‌കോളര്‍ഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

    മുന്നാക്ക വികസന കോര്‍പറേഷന്‍ വഴി പിന്നാക്കക്കാരേക്കാള്‍ വലിയ തുക സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിനാലാണ് 12.6 ശതമാനം ജനസംഖ്യയുള്ള മുന്നാക്ക ക്രൈസ്തവരെ സച്ചാര്‍ കമ്മിറ്റി നിര്‍ദേശ പ്രകാരം നിലവില്‍വന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കാതിരുന്നത്. എന്നാല്‍, 5.78 ശതമാനം വരുന്ന പിന്നാക്ക ക്രൈസ്തവര്‍ക്കായി 20 ശതമാനം നീക്കിവയ്ക്കുകയും ചെയ്തു. മുന്നാക്ക കോര്‍പറേഷന്‍ വഴി ലഭിക്കുന്ന ഭീമമായ ആനു കൂല്യങ്ങള്‍ക്ക് പുറമെയാണ് സച്ചാര്‍ പദ്ധതി പ്രകാരമുള്ള മുസ്‌ലിംകളുടെയും പിന്നാക്ക ക്രിസ്ത്യാനികളുടെയും അവകാശങ്ങളില്‍ കൈയിട്ട വാരാനുള്ള ഇപ്പോഴത്തെ സംഘടിത നീക്കം. ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ സവര്‍ണ സംവരണത്തിലും ഇതേ പ്രീണനവും വിവേചനവുമാണ് അരങ്ങേറിയത്. സവര്‍ണ സംവരണത്തിന്റെ മറവില്‍ ന്യുനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അട്ടിമറിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിനകം പുറത്തുവന്നത്. വിദ്യാഭ്യാസമേഖലയില്‍ ആകെ സീറ്റിന്റെ പകുതിയുള്ള ജനറല്‍ സീറ്റിന്റെ 10 ശതമാനം സംവരണം ചെയ്യുന്നു എന്നാണ് ആദ്യം സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, മൊത്തം സീറ്റിന്റെ പത്ത് ശതമാനം മുന്നാക്ക സംവരണമാക്കിയാണ് യഥാര്‍ഥത്തില്‍ നടപ്പാക്കിയത്. പിന്നാക്കക്കാര്‍ക്ക് സംവരണക്കുറവുള്ള മേഖലകളിലും മുന്നാക്കക്കാര്‍ക്ക് 10 ശതമാനം തന്നെയാണ് സംവരണം നടപ്പായത്. മെഡിക്കല്‍ പിജിക്ക് ആകെ 849 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 427 സീറ്റ് സംസ്ഥാന മെറിറ്റാണ്. സര്‍വീസ് ക്വാട്ട കൂടി പിജി പ്രവേശനത്തിലുണ്ട്. സംവരണ തോത് പ്രകാരം 10 ശതമാനം സീറ്റായ 30 സീറ്റ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കിട്ടും. ഹൈന്ദവരിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗമായ ഈഴവര്‍ക്ക് മൂന്നു ശതമാനം സംവരണമാണ് പിജിയില്‍ ഉള്ളത്-13 സീറ്റ്. പിന്നാക്ക ഹിന്ദുവിന് ഒരു ശതമാനവും ലത്തീന്‍ കത്തോലിക്കര്‍ക്ക് ഒരു ശതമാനവും സംവരണമുണ്ട്. രണ്ടു ശതമാനമാണ് മുസ്‌ലിം സംവരണം-ഒമ്പത് സീറ്റ്. ഏറ്റവും വലിയ സംവരണവിഭാഗമായി മുന്നാക്കക്കാര്‍ മാറുകയാണ് പുതിയ സര്‍ക്കാര്‍ നടപടിയിലൂടെ സംഭവിച്ചത്.

    ഉപരി പഠനത്തിനായി മുന്നാക്കക്കാര്‍ക്ക് പത്ത് ശതമാനത്തിലധികം സീറ്റുകള്‍ സംവരണമായി നിശ്ചയിച്ചതും ന്യൂന പക്ഷ, പിന്നാക്ക വിഭാഗം വിദ്യാര്‍ഥികളുടെ അവസരങ്ങള്‍ വലിയ തോതില്‍ നഷ്ടപ്പെടുത്തി. പ്ലസ്ടു വിന് 13002 സീറ്റുകള്‍ ഈഴവ സംവരണമായും 11313 സീറ്റുകള്‍ മുസ്‌ലിം സംവരണമായും മാറ്റിവച്ചപ്പോള്‍ മുന്നാക്കസംവരണമായി നീക്കിവച്ചത് 16,281 സീറ്റുകളാണ്. യഥാര്‍ഥത്തില്‍ വേണ്ടതിന്റെ ഇരട്ടിയോളം ആണിത്. എംബിബിഎസിന് 1555 സീറ്റുകളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആകെ ഉള്ളത്. ഈഴവ വിഭാഗത്തിന് സംവരണമായി 94 സീറ്റ്. മുസ്‌ലിംകള്‍ക്ക് 84 സീറ്റ്. മുന്നാക്കവിഭാഗത്തിനാവട്ടെ സവര്‍ണ സംവരണം വഴി 130 സീറ്റായി വര്‍ധിച്ചതായാണ് കണക്കുകള്‍ പുറത്തുവന്നത്.

    സംവരണ സമുദായങ്ങളേക്കാള്‍ സംവരണം വാസ്തവത്തില്‍ മുന്നാക്കക്കാര്‍ക്കായി മാറി. പുറത്തുവന്ന അന്വേഷണ വിവരങ്ങള്‍ പ്രകാരം എംബിബിഎസ് സംവരണ സീറ്റുകളിലെ പ്രവേശന കണക്ക് ഞെട്ടിക്കുന്നതാണ്. 933ാം റാങ്കാണ് ഓപ്പണ്‍ ക്വാട്ടയില്‍ അവസാനമായി പ്രവേശനം കിട്ടിയ വിദ്യാര്‍ഥിക്കുള്ളത്. മുസ്‌ലിം സംവരണവിഭാഗത്തില്‍ പ്രവേശനം കിട്ടിയ അവസാന റാങ്ക് 1471 ആണ്. ഈഴവ വിഭാഗത്തില്‍ പ്രവേശനം കിട്ടിയ അവസാന റാങ്ക് 1654. പിന്നാക്ക ഹിന്ദുവിഭാഗത്തില്‍ 1771. ലത്തീന്‍ വിഭാഗത്തില്‍ 1943. എന്നാല്‍, മുന്നാക്ക സംവരണം വഴി പ്രവേശനം കിട്ടിയ അവസാന റാങ്ക് 8416 ആണ്. മുന്നാക്ക സംവരണം സാമൂഹിക സംവരണ തത്ത്വം തന്നെ അട്ടിമറിച്ചതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. പുറത്തുവന്ന മറ്റു ചില വിരങ്ങളും സംവരണ അട്ടിമറിയുടെ ആഘാതം വ്യക്തമാക്കുന്നതാണ്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ പ്രവേശനം ലഭിച്ച അവസാനത്തെ ജനറല്‍ മെറിറ്റ് റാങ്ക് 247. അവസാനത്തെ മുസ്‌ലിം റാങ്ക് 399. അവസാനത്തെ ഈഴവ റാങ്ക് 413. അവസാനത്തെ ലത്തീന്‍ കത്തോലിക്കന്‍ റാങ്ക് 503. എന്നാല്‍, പ്രവേശനം ലഭിച്ച മുന്നാക്ക സംവരണക്കാരന്റെ റാങ്ക് 632. കൊല്ലം തങ്ങള്‍ കുഞ്ഞ് കോളജില്‍ 574 റാങ്കുകാരനായ ഈഴവ വിദ്യാര്‍ഥിക്ക് പ്രവേശനം കിട്ടിയില്ല. 624 റാങ്കുള്ള മുസ്‌ലിമിനും സീറ്റ് കിട്ടിയില്ല. എന്നാല്‍, 1,222 ാം റാങ്കുകാരനായ മുന്നാക്കക്കാരന് പ്രവേശനം ലഭിച്ചു. സവര്‍ണ സംവരണം നടപ്പായതോടെ സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ് കോളജുകളിലും ഈ പ്രീണനവും വിവേചനവുമാണ് അരങ്ങേറിയത്.

(അവസാനിച്ചു)

Scholarship for forward: Thejas news series 5


Tags: