ഖഷഗ്ജി കൊല്ലപ്പെട്ട കെട്ടിടം തുര്‍ക്കി അറിയാതെ സൗദി വിറ്റു

വില്‍പ്പന സംബന്ധിച്ച് തുര്‍ക്കിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു

Update: 2019-09-18 06:36 GMT

റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ട തുര്‍ക്കി ഇസ്താംബുളിലെ കെട്ടിടം സൗദി അറേബ്യ വില്‍പന നടത്തിയതായി റിപോര്‍ട്ട്. തുര്‍ക്കി അറിയാതെയാണ് കൈമാറ്റം ചെയ്തതെന്നാണു സൂചന. തുര്‍ക്കിയിലെ ഹാബ്തുര്‍ക്ക് ടിവിയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. യഥാര്‍ഥ വിലയുടെ മൂന്നിലൊന്ന് വിലയ്ക്ക് അജ്ഞാതന്‍ ഒരുമാസം മുമ്പ് കെട്ടിടം വാങ്ങിയെന്നാണ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന സാരിയാര്‍ ജില്ലയില്‍ സൗദി കോണ്‍സുലേറ്റിനു വേണ്ടി പുതിയ കെട്ടിടം വാങ്ങിയതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

    അതേസമയം, വില്‍പ്പന സംബന്ധിച്ച് തുര്‍ക്കിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്തു. സാധാരണയായി വസ്തു വില്‍പ്പനയ്ക്കു മുമ്പ് സൗദി അധികൃതര്‍ക്ക് തുര്‍ക്കി വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം. എന്നാല്‍ അതീവരഹസ്യമായാണ് വില്‍പ്പന നടന്നതെന്നാണു സൂചന.

    2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ തുര്‍ക്കി കോണ്‍സുലേറ്റിലാണ് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ടത്. സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിനു പങ്കുണ്ടെന്ന് ശക്തമായ ആരോപണം ഉയര്‍ന്ന സംഭവത്തില്‍ ഖഷഗ്ജിയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. എംബസിക്കുള്ളില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്നും ജീവനോടെ വെട്ടിമുറിച്ച് പെട്ടിയിലാക്കി കൊണ്ടുപോയതായും നിരവധി തെളിവുകളുണ്ടായിരുന്നു. ഖഷഗ്ജിയുടെ അവസാനത്തെ വാക്കുകളുടെ ശബ്ദരേഖ രണ്ടുദിവസം മുമ്പാണ് പുറത്തുവന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ സൗദി അറേബ്യ പ്രതിരോധത്തിലായ ഖഷഗ്ജി വധത്തിലെ നിര്‍ണായക തെളിവുകളടങ്ങുന്ന കെട്ടിടമാണ് ഇപ്പോള്‍ വില്‍പ്പന നടത്തിയിരിക്കുന്നത്.



Tags:    

Similar News