ശരവണ ഭവന്‍ സ്ഥാപകന്‍ പി രാജഗോപാല്‍ അന്തരിച്ചു

ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയ കോടതി ജയിലിലേക്കയക്കുകയായിരുന്നു.

Update: 2019-07-18 05:42 GMT

ചെന്നൈ: ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവന്‍ ഉടമ പി രാജഗോപാല്‍(72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജഗോപാല്‍ അവിടെ വച്ചാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ 9നാണ് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയ കോടതി ജയിലിലേക്കയക്കുകയായിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണു കോടതി നിര്‍ദേശിച്ചിരുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രിംകോടതി നിരസിച്ചതോടെയാണ് ഇദ്ദേഹം കീഴടങ്ങിയത്. വിചാരണ സമയത്ത് ഉന്നയിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രിംകോടതി അപേക്ഷ തള്ളിയിരുന്നത്.   



    ഹോട്ടല്‍ ജീവനക്കാരനായ ശാന്തകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് സുപ്രിംകോടതി രാജഗോപാലിനു 2004ല്‍ ജീവപര്യന്തം തടവ് വിധിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ശിക്ഷ ജീവപര്യന്തമാക്കി സുപ്രിംകോടതി ഉയര്‍ത്തി. 2009ല്‍ ജാമ്യം നേടിയ രാജഗോപാല്‍, ജീവപര്യന്തം ശിക്ഷ തുടങ്ങുന്ന ജൂലൈ ഏഴിനു കീഴടങ്ങണമെന്നു സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, താന്‍ ആശുപത്രിയിലാണെന്നും ചികില്‍സയ്ക്ക് കൂടുതല്‍ സമയം വേണമെന്നും കാണിച്ച് രാജഗോപാല്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും നിരസിക്കുകയായിരുന്നു.

    ശരവണഭവന്‍ ചെന്നൈ ശാഖയിലെ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ വിവാഹം കഴിക്കാന്‍ രാജഗോപാല്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ തള്ളി 1999ല്‍ ഇവര്‍ ശാന്തകുമാറിനെ വിവാഹം കഴിച്ചു. വിവാഹബന്ധം വേര്‍പെടുത്താന്‍ രാജഗോപാലിനെയും ഭാര്യയെയും രാജഗോപാല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് 2001ല്‍ ദമ്പതികള്‍ പോലിസില്‍ പരാതി നല്‍കി. പിന്നാലെ ശാന്തകുമാറിനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും കൊടൈക്കനാലിലെ വനത്തില്‍ മൃതദേഹം കുഴിച്ചുമൂടുകയും ചെയ്‌തെന്നാണു പ്രോസിക്യൂഷന്‍ കേസ്. കൊലപാതകത്തിനു പിന്നില്‍ ശരവണ ഭവന്‍ സ്ഥാപകന്‍ പി രാജഗോപാലാണെന്നാണ് പോലിസ് കണ്ടെത്തിയത്.


Tags:    

Similar News