മുക്കത്ത് 'ഭീകരവാദ പ്രവര്‍ത്തകരുടെ യോഗ'മെന്ന സംഘപരിവാര കുപ്രചാരണം പൊളിഞ്ഞു
-ക്വാറി-ക്രഷര്‍-സംഘപരിവാര ഗൂഢാലോചനയെന്നു സംശയം, -എത്തിയത് വിനോദ സഞ്ചാരികളാവാമെന്ന് പോലിസ്
കോഴിക്കോട്: മുക്കത്തിനു സമീപം 'ഭീകരവാദ പ്രവര്‍ത്തകര്‍ യോഗം' ചേര്‍ന്നെന്ന വിധത്തില്‍ സംഘപരിവാരം നടത്തിയ കുപ്രചാരണം പൊളിഞ്ഞു. 'മുക്കത്ത് ഭീകരവാദ പ്രവര്‍ത്തകര്‍ യോഗം' ചേര്‍ന്നെന്നായിരുന്നു രണ്ടുദിവസം മുമ്പ് സംഘപരിവാര ചാനലായ ജനം ടിവി വാര്‍ത്ത നല്‍കിയത്. എന്നാല്‍, ഇത് തികച്ചും വാസ്തവവിരുദ്ധമാണെന്നും കൊടിയത്തൂരിലെ ഗോതമ്പ് റോഡിലെ വിനോദസഞ്ചാര മേഖയായ വൈദ്യര്‍ മലയിലെത്തിയവരെ കുറിച്ചു ദുരൂഹതയുണ്ടാക്കുന്ന വാര്‍ത്ത പടച്ചുവിട്ടതാണെന്നും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. വൈദ്യര്‍ മലയില്‍ 12അംഗ അജ്ഞാതസംഘം ക്യാംപ് ചെയ്‌തെന്ന വാര്‍ത്തയെ തുടര്‍ന്ന് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയാണ് ഇത് കുപ്രചാരണമാണെന്നു കണ്ടെത്തിയത്. വിനോദസഞ്ചാരികളായ ഏതാനും പേര്‍ സ്ഥലത്തെത്തിയരുന്നതായും താല്‍ക്കാലിക ടെന്റ് സ്ഥാപിച്ചതിന്റെ തെളിവ് കിട്ടിയെന്നും വ്യക്തമാക്കിയ പോലിസ് ദുരുഹതയുണ്ടാക്കുന്ന ഒന്നും കണ്ടെത്താനായില്ലെന്നും പറഞ്ഞു. അതേസമയം, പ്രദേശത്തെ കുറിച്ച് അനാവശ്യമായി ദുരൂഹതയുണ്ടാക്കുന്ന വിധത്തില്‍ വാര്‍ത്ത പടച്ചുവിട്ട ജനം ടിവിക്കെതിരേ നാട്ടുകാരില്‍ അമര്‍ഷം ശക്തമായിട്ടുണ്ട്.
പ്രാദേശിക വിനോദസഞ്ചാര മേഖലയായ വൈദ്യര്‍മലയില്‍ പ്രൃതി മനോഹാരിത ആസ്വദിക്കാന്‍ ഒഴിവ് സമയങ്ങളില്‍ നിരവധി യുവാക്കളും മറ്റും ഇവിടെ ഒത്തുകൂടാറുണ്ട്. പലരും ഇരിപ്പിട സൗകര്യത്തിനു വേണ്ടി മുള കൊണ്ട് ടെന്റ് കെട്ടി അവിടെയിരുന്ന് ഭക്ഷണമുണ്ടാക്കി കഴിക്കുന്നതും നാട്ടുകാര്‍ കാണാറുണ്ട്. ഇത്തരത്തില്‍ ഏതെങ്കിലും യുവാക്കളോ മറ്റോ എത്തിയതിനെയാണ് സംഘപരിവാരം ജനം ടിവിയെ കൂട്ടുപിടിച്ച് ഭീകരവാദ പ്രവര്‍ത്തകരുടെ യോഗം എന്നു ചിത്രീകരിക്കാന്‍ ശ്രമിച്ചത്. പ്രദേശവാസിയായ ആര്‍എസ്എസ് പ്രവര്‍ത്തകനാണു സംശയകരമായി ചിലര്‍ എത്തിയിരുന്നുവെന്ന വിധത്തില്‍ ചാനലിലോടു സംസാരിച്ചത്. സംഘപരിവാര ചാനലിന്റെ പതിവു ശൈലിയില്‍ സമീപ പ്രദേശത്തെ ചിലരെ ഉന്നംവച്ചുള്ളതായിരുന്നു റിപോര്‍ട്ട്. യുവാക്കള്‍ ടെന്റ് കെട്ടി ഭക്ഷണം കഴിച്ചതിനെയും മറ്റും കായിക പരിശീലനത്തിന്റെ സൂചനയെന്നു വരെ ചിത്രീകരിച്ചു. വാര്‍ത്തയ്ക്കു നിറംകൂട്ടാനായി, നേരത്തേ കോടതി വെറുതെവിട്ട കേസിലെ ഒരു യുവാവിന്റെ പേര് പോലും പരാമര്‍ശിച്ചായിരുന്നു പ്രചാരണം. വാര്‍ത്ത പുറത്തുവന്നതോടെ യാഥാര്‍ത്ഥ്യം അന്വേഷിച്ച നാട്ടുകാരെല്ലാം ചാനലിനെതിരേ രംഗത്തെത്തുകയായിരുന്നു. ഇല്ലാത്ത ഭീകരവാദ കഥകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാര ശ്രമമാണിതെന്നു മനസ്സിലാക്കിയ നാട്ടുകാര്‍ പോലിസിനോടും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കൊടിയത്തൂരില്‍ ഗോതമ്പ് റോഡിലെ വിനോദസഞ്ചാര മേഖയായ വൈദ്യര്‍ മലയിലെ പാറമട
അതേസമയം, ക്വാറികളും ക്രഷറുകളും മറ്റും പ്രവര്‍ത്തിക്കുന്ന മലയിലേക്ക് ആളുകള്‍ വരുന്നത് തടയാന്‍ ചിലര്‍ ഒരുക്കിയ ഗൂഢനീക്കമാണോ ഇതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. മലയുടെ മൂന്നുവശത്തുമായി നിരവധി ക്രഷറുകളും ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. 2018ല്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗത്തെ ക്വാറി ഖനനത്തിനെതിരേ സമീപവാസികള്‍ രംഗത്തെത്തിയിരുന്നു. പട്ടയമോ മതിയായ രേഖകളോ ഇല്ലാത്ത ഭൂമിയിലാണ് ഖനനം നടത്തുന്നതെന്നും ഖനനം നടത്തിയ സ്ഥലങ്ങളില്‍ പാറമണ്ണിട്ട് മൂടിയതായും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പ്രദേശവാസികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഈയിടെ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ക്വാറി-ക്രഷര്‍ മാഫിയയ്‌ക്കെതിരേ ജനങ്ങള്‍ക്കിടയിലുണ്ടായ പ്രതിഷേധം വഴിതിരിച്ചുവിടാന്‍ സംഘപരിവാരവുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
കൊടിയത്തൂരില്‍ ഗോതമ്പ് റോഡിലെ വിനോദസഞ്ചാര മേഖയായ വൈദ്യര്‍ മലയിലെ ക്വാറി
'ഭീകരവാദ പ്രവര്‍ത്തകരുടെ യോഗം' ചേര്‍ന്നെന്ന വിധത്തില്‍ കുപ്രചാരണം നടത്തിയാല്‍ പ്രദേശത്തെ ജന സാന്നിധ്യം ഇല്ലാതാക്കുകയും അതുവഴി അനിയന്ത്രിതമായി ഖനനം നടത്താനുമുള്ള പദ്ധതിയാണിതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഒരു പ്രദേശത്തെ ഭീകര മേഖലയാക്കി ചിത്രീകരിക്കാനുള്ള നീക്കത്തിനു പിന്നില്‍ ദുരുഹതയുണ്ടെന്നും രേഖകളില്ലാത്ത ഭൂമി കൈയേറിയത് അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

