ശബരിമല: സ്‌ട്രോങ് റൂം പരിശോധന പൂര്‍ത്തിയായി; സ്വര്‍ണം നഷ്ടമായിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം

അതേസമയം, സ്‌ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകള്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയിട്ടില്ല. ഉരുപ്പടികള്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് ബോര്‍ഡ് വിശദീകരണം.പരിശോധനാ റിപോര്‍ട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Update: 2019-05-27 10:35 GMT

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണം, വെള്ളി ഉരുപ്പടികളുടെ കണക്കുകളില്‍ വൈരുദ്ധ്യമുണ്ടോയെന്നറിയാന്‍ ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിങ് സംഘം പരിശോധന പൂര്‍ത്തിയാക്കി. പൊരുത്തക്കേടുള്ള 40 കിലോ സ്വര്‍ണം സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടെന്ന് മഹസര്‍ രേഖകളില്‍ വ്യക്തമായതായി ഓഡിറ്റ് വിഭാഗം അറിയിച്ചു.

സ്‌ട്രോങ്ങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നും ഓഡിറ്റിങ് സംഘം വ്യക്തമാക്കി. കണക്കില്‍ കാണാത്ത 4 വെള്ളി ഉരുപ്പടികള്‍ ശബരിമലയില്‍ ഉപയോഗിക്കുന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

അതേസമയം, സ്‌ട്രോങ്ങ് റൂമിലെ 800 ഉരുപ്പടികളുടെ കണക്കുകള്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയിട്ടില്ല. ഉരുപ്പടികള്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് ബോര്‍ഡ് വിശദീകരണം.പരിശോധനാ റിപോര്‍ട്ട് ഓഡിറ്റ് വിഭാഗം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് പരിശോധിച്ചത്. സ്‌ട്രോങ്ങ് റൂം മഹസ്സറുകളും ശബരിമലയിലെ രജിസ്ടറും തമ്മില്‍ പൊരുത്തകേടുകള്‍ ഉണ്ടെന്ന സംശത്തെ തുടര്‍ന്നാണ് മുഴുവന്‍ രേഖകളും ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിങ് സംഘം പരിശോധിച്ചത്. ആകെ 10413 ഉരുപ്പടികളാണ് സ്‌ട്രോങ്ങ് റൂമിലുള്ളത്. ഇതില്‍ 5720 എണ്ണം പരിശോധിച്ചു. ശേഷിക്കുന്നവയില്‍ 800 ഒഴികെ വിവിധ ക്ഷേത്രങ്ങളുടെ ആവശ്യത്തിന് കൈമാറിയിട്ടുണ്ട്. 800 എണ്ണത്തിന്റെ രേഖകളിലാണ് അവ്യക്തത ഉള്ളത്.

അതിനിടെ, പരിശോധന നടക്കുന്നതിന്റെ തലേ ദിവസം ദേവസ്വം ജീവനക്കാര്‍ ഓഫിസിലെത്തി രേഖകള്‍ ശരിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടിരുന്നു. സ്വര്‍ണത്തിന്റെ അളവില്‍ കുറവില്ലെന്നും ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസര്‍ പറഞ്ഞു.

Tags:    

Similar News