ശബരിമല യുവതീപ്രവേശനത്തിലെ പുനപ്പരിശോധനാ ഹരജി വിശാല ബെഞ്ചിന് വിട്ടു

ശബരിമല സ്ത്രീ പ്രവേശവും മുസ്‌ലിം, പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹരജികളും ഇനി വിശാല ബെഞ്ചിന്‍റെ പരിഗണനയിലായിരിക്കും. .

Update: 2019-11-14 05:38 GMT

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിലെ പുനപ്പരിശോധനാ ഹരജി വിശാല ബെഞ്ചിന് വിട്ടു. സുപ്രിംകോടതിയുടെ ഏഴംഗ ബെഞ്ച് പുനപ്പരിശോധനാ ഹരജികള്‍ പരിഗണിക്കും. ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ഹരജിയിൽ നിന്നുള്ള വാദം കേൾക്കുക. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ എന്നിവർ ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. നിലവില്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന്‍റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. മതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു.

ശബരിമല പുനപ്പരിശോധന ഹരജികളിൽ ഏകകണ്ഠമായ തീരുമാനം അല്ല സുപ്രിംകോടതിയിൽ നിന്ന് ഉണ്ടായത്. അഞ്ചംഗ ബെഞ്ചിൽ മൂന്ന് പേര്‍ വിശാല ബെഞ്ച് എന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. ഭൂരിപക്ഷ വിധിയുടെ ഭാഗമായാണ് ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടാൻ തീരുമാനിച്ചത്.  പുനപ്പരിശോധന ഹരജികൾക്ക് ഒപ്പം സമാനമായ മറ്റ് ഹരജികളും കിട്ടിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശവും മുസ്‌ലിം പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശവുമടക്കം എല്ലാ ഹരജികളും ഇനി വിശാല ബെഞ്ചിന്‍റെ പരിഗണനയിലായിരിക്കും. .

2018 സെപ്റ്റംബര്‍ 28-നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഏത് പ്രായത്തിലുമുള്ള വനിതകള്‍ക്ക് ഉപാധികളില്ലാതെയുള്ള പ്രവേശനം സുപ്രിംകോടതി അനുവദിച്ചു. ഭരണഘടനയുടെ അനുച്ഛേദം 2 പ്രകാരം സമത്വത്തിനും തുല്യതയ്ക്കുമുള്ള അവകാശത്തിന് എതിരാണ് നിലവില്‍ ഉണ്ടായിരുന്ന വിലക്കെന്ന് സുപ്രിംകോടതി കണ്ടെത്തിയിരുന്നു. എന്നാൽ വിധി വിപുലമായ ബെഞ്ച് പരിശോധിക്കണമെന്നാണ് കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചിരിക്കുന്നത്.

ശബരിമല യുവതീപ്രവേശനത്തിലെ സുപ്രിംകോടതിവിധിയേത്തുടര്‍ന്ന് സംസ്ഥാനത്ത് വലിയ കോളിളക്കവും സംഘര്‍ഷങ്ങളുമുണ്ടായി. വിധിയനുസരിച്ച് ശബരിമലയില്‍ പ്രവേശിക്കാനെത്തിയ യുവതികള്‍ ആക്രമിക്കപ്പെട്ടു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ 97 ദിവസത്തിനുള്ളില്‍ ഏഴ് ഹര്‍ത്താലാണ് ബിജെപി യുവമോര്‍ച്ച, ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ ആഹ്വാനത്താല്‍ നടത്തപ്പെട്ടത്. ഈ ഹര്‍ത്താലുകളില്‍ മൂന്നെണ്ണം സംസ്ഥാന വ്യാപകമായിരുന്നു. ഹര്‍ത്താലുകള്‍ക്കിടെ വ്യാപകമായ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.  

Similar News