'ഹിന്ദു മേല്‍ക്കോയ്മ സംഘടന'യെന്ന പ്രതിച്ഛായ മാറ്റുന്നതിന് ആര്‍എസ്എസ് പദ്ധതിയിടുന്നു
അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 50 രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുക വഴി ആഗോളതലത്തില്‍ മുഖച്ഛായ മാറ്റുകയെന്ന ലക്ഷ്യമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.
ന്യൂഡല്‍ഹി: ഹിന്ദു മേല്‍ക്കോയ്മ സംഘടനയെന്ന പ്രതിച്ഛായയില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗോളതലത്തില്‍ വലിയ പ്രവര്‍ത്തനത്തിന് തുടക്കമിടാന്‍ രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
രാഷ്ട്രീയ നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, രചയിതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ സ്വാധീനം ചെലുത്താനാണ് ആര്‍എസ്എസ് ശ്രമം. ഇവരുമായി ആശയവിനിമയത്തിനും ഇടപഴകലിനും വേണ്ടി വിപുലമായ പദ്ധതിയാണ് ആര്‍എസ്എസ് തയ്യാറാക്കിയിരിക്കുന്നത്.
അതിനായി ഇന്ത്യന്‍ സാംസ്‌കാരിക നവോത്ഥാനത്തിനും ദേശീയ പുനര്‍നിര്‍മ്മാണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് വരുത്തിത്തീര്‍ക്കാന്‍ സിമ്പോസിയങ്ങളും കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു എന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലായി 50 രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തുക വഴി ആഗോളതലത്തില്‍ മുഖച്ഛായ മാറ്റുകയെന്ന ലക്ഷ്യമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്.
മുന്‍ നയതന്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, രാഷ്ട്രീയക്കാര്‍, ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള ആര്‍എസ്എസിന്റെ വലിയൊരു വിഭാഗം സംഘ പ്രചാരക്മാര്‍ എന്നിവരടങ്ങുന്ന ഒരു സംഘം, ഈ പ്രതിച്ഛായ നിര്‍മാണത്തിന് തയ്യാറാവണമെന്ന് നിര്‍ദേശിക്കപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍.
