ബുദ്ധമതച്ചടങ്ങില്‍ പങ്കെടുത്തത് വിവാദമാക്കി ബിജെപി; മന്ത്രിയെ ഡല്‍ഹി പോലിസ് ഇന്ന് ചോദ്യംചെയ്യും; വിവാദം ഗുജറാത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചെന്ന് സൂചന

Update: 2022-10-11 06:32 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നടന്ന ബുദ്ധമതച്ചടങ്ങില്‍ പങ്കെടുത്ത ഡല്‍ഹി മുന്‍ മന്ത്രി രാജേന്ദ്ര പാല്‍ ഗൗതത്തെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് ഹാജരാവണമെന്നാണ് അദ്ദേഹത്തിന് ഡല്‍ഹി പോലിസ് നല്‍കിയ സമന്‍സില്‍ പറയുന്നത്.

ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങ് ബിജെപി വലിയ വിവാദമക്കിയിരുന്നു. തുടര്‍ന്ന് മന്ത്രി തല്‍സ്ഥാനം രാജിവച്ചു. കെജ് രിവാള്‍ ഹിന്ദു വിരുദ്ധനാണെന്നാണ് ബിജെപിയുടെ വാദം.

ബ്രഹ്മ, വിഷ്ണു, മഹേശ്വരന്മാരില്‍ വിശ്വാസമില്ലെന്ന പ്രഖ്യാപനവും പ്രതിജ്ഞയുമാണ് ബിജെപി വിവാദമാക്കിയത്. ചടങ്ങില്‍ നിരവധി പേര്‍ ഹിന്ദു മതം വിട്ട് ബുദ്ധമതത്തില്‍ ചേര്‍ന്നതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം അതൊരു ഓര്‍മപുതുക്കല്‍ച്ചടങ്ങാണെന്നും റിപോര്‍ട്ടുണ്ട്.

തനിക്ക് പോലിസ് ഹാജരാവാനുള്ള നോട്ടിസ് കൈമാറിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഗൗതം പറഞ്ഞിരുന്നു. പ്രസ്താവന മതവിഭജനമുണ്ടാക്കുമെന്നാണ് ബിജെപിയുടെ ആരോപണം.

എന്നാല്‍ നടന്നത് രാഷ്ട്രീയച്ചടങ്ങല്ലെന്നും സാമൂഹിക-മതച്ചടങ്ങായിരുന്നുവെന്നും ബി ആര്‍ അംബേദ്ക്കര്‍ തയ്യാറാക്കിയ 22 പ്രതിജ്ഞയാണ് ചൊല്ലിയതെന്നും ഗൗതം പറഞ്ഞു. 1956മുതല്‍ തുടര്‍ച്ചയായി നടന്നുവരുന്ന ചടങ്ങാണ് ഇത്തവണയും നടന്നതെന്നും അദ്ദേഹം അറിയിച്ചു.

കെജ് രിവാള്‍ മന്ത്രിസഭയിലെ എസ് സി-എസ് ടി മന്ത്രിയായിരുന്നു ഗൗതം.

ഗുജറാത്തില്‍ അടുത്തു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരേ ഉപയോഗിക്കാനുളള ഒരു വടിയായാണ് ബിജെപി ഈ വിവാദത്തെ ഉപയോഗിക്കുന്നത്.

കെജ് രിവാളിന് ഇത്തരമൊരു പരിപാടിയെക്കുറിച്ച് അറിയുകപോലുമില്ലെന്ന് ഗൗതം പറഞ്ഞു.

Tags: