ഡല്‍ഹിയിലെ തബ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കല്‍; എസ് ഡിപിഐ ഹരജിയില്‍ കോടതി ഇടപെടല്‍

സ് ഡിപിഐയുടെ അഭിഭാഷക വിഭാഗത്തിന്റെ നിസ്വാര്‍ത്ഥ പരിശ്രമവും മൂലം നേടിയ വിജയമാണിതെന്നും തമിഴ് ജനതയെയും പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തെയും സന്തോഷവിവരം അറിയിക്കുന്നതായും എസ് ഡിപിഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Update: 2020-05-13 04:31 GMT

ചെന്നൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുകയും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള തമിഴ് നാട് സ്വദേശികളെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ നല്‍കിയ ഹരജിയില്‍ കോടതിയുടെ അനുകൂല നടപടി. എസ് ഡിപിഐ തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് നല്‍കിയ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ അകപ്പെട്ട തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളില്‍ ഒരാള്‍ മരണപ്പെട്ട സാഹചര്യത്തിലാണു ഹരജി നല്‍കിയത്.

    ഇക്കഴിഞ്ഞ ഏപ്രില്‍ 28നാണ് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂഖ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. മെയ് അഞ്ചിനു വാദം കേള്‍ക്കുന്നതിനിടെ 11നകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശം നല്‍കിയെങ്കിലും ഡല്‍ഹി സര്‍ക്കാരിന്റെ മറുപടി ലഭിച്ചില്ലെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിച്ചു. തുടര്‍ന്ന് മെയ് 12നു ജസ്റ്റിസ് ഡോ. വിനീത് കോത്താരി, ശ്രീമതി പുഷ്പ സത്യനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഹരജി വീണ്ടുമെത്തി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സര്‍ക്കാര്‍ പ്ലീഡര്‍ ജയപ്രകാശ് നാരായണന്‍, കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രാജഗോപാല്‍ എന്നിവര്‍ ഹാജരായി. എസ് ഡിപി ഐയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അജ്മല്‍ ഖാന്‍, എ രാജ മുഹമ്മദ് എന്നിവരാണ് ഹാജരായത്. സര്‍ക്കാര്‍ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചതോടെ, ഡല്‍ഹി സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി അറിയിച്ചതായും കോടതിയില്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും തിരിച്ചെത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യാന്‍ കോളജുകള്‍ സജ്ജമാക്കിയതായും കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ചു രേഖാമൂലം വെള്ളിയാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

    കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന തമിഴ് നാട് സ്വദേശികളെ നാട്ടിലെത്തിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഗതാഗതം ഒരുക്കുകയായിരുന്നു. മെയ് 16ന് യാത്ര ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എസ് ഡിപിഐയുടെ അഭിഭാഷക വിഭാഗത്തിന്റെ നിസ്വാര്‍ത്ഥ പരിശ്രമവും മൂലം നേടിയ വിജയമാണിതെന്നും തമിഴ് ജനതയെയും പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തെയും സന്തോഷവിവരം അറിയിക്കുന്നതായും എസ് ഡിപിഐ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഹൈക്കോടതി മുമ്പാകെ ഹാജരാവുകയും ശക്തമായ വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്ത എസ്ഡിപിഐ അഭിഭാഷകരുടെ വിഭാഗത്തിനും വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കു നന്ദിയറിയിക്കുകയും ചെയ്തു.


Tags:    

Similar News