സംഘര്‍ഷമേഖലയില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസം; യുക്രെയ്‌നിലെ നാല് നഗരങ്ങളില്‍ റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

Update: 2022-03-07 08:20 GMT

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ സംഘര്‍ഷമേഖലയില്‍ കുടുങ്ങിയ വിദേശികളടക്കമുള്ളവര്‍ക്ക് സുരക്ഷിതപാതയൊരുക്കുന്നതിന്റെ ഭാഗമായി റഷ്യന്‍ സൈന്യം നാല് മേഖലകളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ കിവ് അടക്കം മൂന്ന് നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നത്. ഉച്ചയോടെയാണ് വെടിനിര്‍ത്തല്‍ നടപ്പില്‍ വരിക.

ഖര്‍കിവ്, മരിയുപോള്‍, സുമി തുടങ്ങിയ നഗരങ്ങളാണ് തലസ്ഥാനത്തിനു പുറമെ വെടിനിര്‍ത്തല്‍ ബാധകമാവുക. റഷ്യന്‍ പ്രതിരോധ മന്ത്രിയോട് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണ് പ്രഖ്യാപനമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെയേറെ ഗുണകരമായ നടപടിയാണ് ഇത്. സുമിയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത്. സ്വന്തം നിലയില്‍ അതിര്‍ത്തികടന്നെത്തിയാല്‍ സഹായിക്കാമെന്നായിരുന്നു ഇന്ത്യയുടെ പോലും നിലപാട്. അതേതുടര്‍ന്നാണ് തങ്ങള്‍ പലായനം നടത്താന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. പുതിയ തീരുമാനത്തോടെ ഈ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലെത്താന്‍ വഴി തെളിയും.

ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ കനത്ത വ്യോമാക്രമണം നടത്തിയിരുന്നു.

മരിയുപോളില്‍ വെടിനില്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല.

Tags: