ഉന്നാവോയില്‍ ബലാല്‍സംഗ ഇരയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമം; ആക്രമണം കോടതിയിലേക്കു പോവുന്നതിനിടെ

Update: 2019-12-05 05:14 GMT

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ കോടതിയിലേക്കു പോവുന്ന വഴിമധ്യേ തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. 23കാരിയായ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ലക്‌നോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് രണ്ടുപേര്‍ ചേര്‍ന്ന് 23കാരിയെ ബലാല്‍സംഗം ചെയ്തത്. കേസില്‍ പ്രാദേശിക കോടതിയില്‍ വിചാരണയ്ക്കായി കൊണ്ടുപോവുന്നതിനിടെയാണ് രാവിലെ ഗ്രാമത്തില്‍ വച്ച് തീക്കൊളുത്തിയത്. യുവതിക്ക് 60-70 ശതമാനം പൊള്ളലേറ്റതായി അധികൃതര്‍ അറിയിച്ചു. യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളായ മൂന്നുപേരില്‍ ഒരാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഞങ്ങള്‍ക്ക് വിവരം രാവിലെ ലഭിച്ചതെന്നും പ്രതിയുടെ പേരുകള്‍ അവര്‍ നല്‍കിയിട്ടുണ്ടെന്നും ഉന്നാവോ സ്‌റ്റേഷനിലെ സീനിയര്‍ പോലിസ് ഓഫിസര്‍ വിക്രാന്ത് വിര്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

    കേസിലെ പ്രതികളെ കണ്ടെത്താന്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. മൂന്ന് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരെ കൂടി കണ്ടെത്താന്‍ ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബലാല്‍സംഗം ചെയ്‌തെന്ന പരാതിയുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. തുടര്‍ന്ന് കോടതി ഇടപെട്ടാണ് കേസെടുക്കാന്‍ തയ്യാറായത്. പ്രതികളില്‍ ഒരാളെ ഈയിടെ ഉത്തര്‍പ്രദേശ് പോലിസ് അറസ്റ്റ് ചെയ്യുകയും ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തിരുന്നു. മറ്റൊരു പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. യുവതിയെ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മൂന്നുനാല് ഘട്ടങ്ങളുണ്ട്. അതിനാല്‍ തന്നെ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് പ്രതികരിച്ചു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ വസ്തുതകള്‍ ലഭിക്കും. എന്നാല്‍ ബലാല്‍സംഗം ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയെ പോലിസ് എതിര്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റുന്ന ദൃശ്യങ്ങളാണു ഉന്നാവോയിലെ പ്രാദേശിക ആശുപത്രിയില്‍ നിന്നു ലഭിക്കുന്നത്. ചുറ്റും നിരവധി മുതിര്‍ന്ന പോലിസുകാരുള്ളതായും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. അതേസമയം, 90 ശതമാനം പൊള്ളലേറ്റാതായാണു ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തത്.

    സംഭവത്തില്‍ എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശക്തമായി അപലപിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രമസമാധാന പാലത്തില്‍ കള്ളം പറയുന്നത് നിര്‍ത്തണമെന്നും ദിവസവും ഇത്തരത്തിലുള്ള ആക്രമണങ്ങളാണ് ഉണ്ടാവുന്നതെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചു. നേരത്തെയും യുവതിക്കു നേരെ ആക്രമണങ്ങളുണ്ടായിരുന്നു.





Tags:    

Similar News