അമിത്ഷാ കൊലക്കേസ് പ്രതിയെന്ന പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

Update: 2024-05-22 06:36 GMT
ന്യൂഡല്‍ഹി: ബിജെപി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിന് ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടതി സമന്‍സ് അയച്ചു. റാഞ്ചിയിലെ എംപി എംഎല്‍എ പ്രത്യേക കോടതിയാണ് നോട്ടീസ് അയച്ചത്. ബിജെപി പ്രവര്‍ത്തകന്‍ നവീന്‍ ഝാ റാഞ്ചി സിവില്‍ കോടതിയില്‍ നല്‍കിയ പരാതിയിലാണ് നടപടി. ജൂണ്‍ 11ന് ഹാജരാവണെന്നാണ് നോട്ടീസില്‍ പറയുന്നത്. 2018 മാര്‍ച്ച് 18ന് ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനിടെ അമിത് ഷായെ കൊലക്കേസ് പ്രതിയായി മുദ്രകുത്തി ബി.ജെ.പിക്കെതിരെ രാഹുല്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് നവീന്‍ ഝാ കേസ് കൊടുത്തത്. വിചാരണ കോടതിയുടെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു.

    2018 ലെ ഒരു പരിപാടിക്കിടെ ബിജെപിയുടെ അന്നത്തെ ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായ്‌ക്കെതിരേ രാഹുല്‍ ഗാന്ധി എംപി ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. കൊലപാതകിയെ ദേശീയ അധ്യക്ഷനാക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ് എന്നായിരുന്നു പരാമര്‍ശം. സമാന പരാമര്‍ശങ്ങളുടെ പേരില്‍ ചൈബാസയില്‍ സമര്‍പ്പിച്ച കേസില്‍ രാഹുല്‍ ഗാന്ധി ജാമ്യത്തില്‍ തുടരുകയാണ്. കീഴ്‌ക്കോടതിയുടെ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി ഇളവ് അനുവദിച്ചിരുന്നു.

Tags:    

Similar News