ബാര്‍ കോഴ കേസിനു പിന്നില്‍ ചെന്നിത്തലയെന്ന്; അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ട് കേരള കോണ്‍ഗ്രസ്(എം)

നേരത്തേ, കെ എം മാണി മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടേക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിലുള്ള നേതാക്കള്‍ തന്നെയാണ് ബാര്‍ കോഴ വിവാദത്തിനു പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു.

Update: 2020-10-18 10:01 GMT
കോട്ടയം: വിവാദമായ ബാര്‍ കോഴക്കേസിനു പിന്നില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണെന്നു കേരള കോണ്‍ഗ്രസ്(എം) ജോസ് കെ മാണി വിഭാഗം. ഇതു വ്യക്തമാക്കുന്ന അന്വേഷണ റിപോര്‍ട്ട് നേതാക്കള്‍ പുറത്തുവിട്ടു. കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെ എം മാണിയെ കുടുക്കാന്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പ് നേതാക്കളും പി സി ജോര്‍ജ്ജും ഗൂഢാലോചന നടത്തിയെന്നും നേതാക്കള്‍ ആരോപിച്ചു. നേരത്തേ, ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കണ്ടെത്തല്‍ എന്താണെന്ന് കേരളാ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. കെ എം മാണി ഉള്‍പ്പെടെ കേരളാ കോണ്‍ഗ്രസ് നേതൃത്വത്തോട് ഇക്കാര്യത്തെ കുറിച്ചു ചോദിച്ചപ്പോള്‍

പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ യുഡിഎഫ് ബന്ധം വിട്ട് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് അടുത്തതോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

    ബാര്‍ കോഴക്കേസ് സംബന്ധിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ഉള്‍പ്പെടെ അറിവുണ്ടായിരുന്നുവെന്നും കേരളാ കോണ്‍ഗ്രസ് പുറത്തുവിട്ട അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പും കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വമാണ് കോഴക്കേസിന് പിന്നിലെന്ന് ജോസ് കെ മാണി ആരോപിച്ചിരുന്നെങ്കിലും ഏതെങ്കിലും നേതാക്കളുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല. കോഴ ആരോപണം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സി എഫ് തോമസ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചെങ്കിലും റിപോര്‍ട്ട് നല്‍കിയിരുന്നില്ല. തുടര്‍ന്ന് കെ എം മാണി സ്വകാര്യ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് പുറത്തിവിട്ടിരിക്കുന്നത്.

    നേരത്തേ, കെ എം മാണി മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടേക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിലുള്ള നേതാക്കള്‍ തന്നെയാണ് ബാര്‍ കോഴ വിവാദത്തിനു പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു.

Ramesh Chennithala behind Bar bribe case; Kerala congress reveals investigation report




Tags:    

Similar News