ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ മാറ്റംവരാമെന്ന് രാജ്‌നാഥ് സിങ്

ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ആണവായുധ നയത്തിന്റെ മൂലക്കല്ലായിരുന്ന 'നോ ഫസ്റ്റ് യൂസ്' എന്ന നയം മാറ്റാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

Update: 2019-08-16 09:44 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെത്തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിനിടെ പാകിസ്താന് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ആണവായുധം ഇന്ത്യ ആദ്യം ഉപയോഗിക്കില്ലെന്ന നയത്തില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ആണവായുധ നയത്തിന്റെ മൂലക്കല്ലായിരുന്ന 'നോ ഫസ്റ്റ് യൂസ്' എന്ന നയം മാറ്റാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജസ്ഥാനിലെ പൊഖ്‌റാനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആണവായുധം പരീക്ഷിച്ച സ്ഥലമാണ് പൊഖ്‌റാന്‍. സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ് ഇന്നുവരെ ഇന്ത്യയുടെ നയം. ആ നയത്തില്‍ മാറ്റം വരുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കും. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്‌റാന്‍. ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചുപോന്ന നയം ഇന്നും തുടരുന്നുണ്ട്.

ഭാവിയില്‍ അതിന് എന്തുസംഭവിക്കുമെന്ന കാര്യം അന്നത്തെ സാഹചര്യത്തെ അനുസരിച്ചിരിക്കും. ഇന്ത്യയെ ഒരു ആണവശക്തിയുള്ള രാജ്യമാക്കി മാറ്റുകയെന്നത് ഞങ്ങളുടെ ഉറച്ച തീരുമാനമാണ്. എന്നിട്ടും ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന സിദ്ധാന്തത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇന്ത്യയെ ആണവോര്‍ജമാക്കാനുള്ള വാജ്‌പേയിയുടെ ദൃഢനിശ്ചയത്തിന് സാക്ഷ്യംവഹിച്ച മേഖലയാണ് പോഖ്‌റാന്‍. അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഇവിടെയെത്തി എന്നത് യാദൃച്ഛികമാണെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News