109 യാത്രാ ട്രെയിനുകൾ ഇനി കോർപറേറ്റുകൾക്ക് സ്വന്തം; സ്വകാര്യവത്കരിക്കാൻ റെയിൽവേ നിർദേശം ക്ഷണിച്ചു

റെയില്‍വേ 35 വര്‍ഷത്തേയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക.

Update: 2020-07-01 18:12 GMT

ന്യൂഡല്‍ഹി: സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്തെ 109 റൂട്ടുകളില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. 151 ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് സ്വകാര്യ മേഖലയെ ക്ഷണിക്കുന്നതിനുള്ള പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വീറ്റില്‍ വ്യക്തമാക്കി. യാത്രാ തീവണ്ടി സര്‍വീസ് നടത്തുന്നതിന് സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

റെയില്‍വേയുടെ 12 ക്ലസ്റ്ററുകളിലെ 109 റൂട്ടുകളിലാണ് സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കുക. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്നവയായിരിക്കും ഈ തീവണ്ടികളെല്ലാം. ഓരോ തീവണ്ടിക്കും 16 കോച്ചുകള്‍ വീതമുണ്ടാകും. ഇവയുടെ നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയെല്ലാം സ്വകാര്യ കമ്പനിയുടെ ഉത്തരവാദിത്തമായിരിക്കും.

റെയില്‍വേ 35 വര്‍ഷത്തേയ്ക്കാണ് സ്വകാര്യ മേഖലയ്ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക. കമ്പനികള്‍ റെയില്‍വേയ്ക്ക് നിശ്ചിത തുക നല്‍കണം. ഇന്ത്യന്‍ റെയില്‍വേയുടെ ജീവനക്കാരായിരിക്കും ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കണം സര്‍വീസ് നടത്തേണ്ടത്.

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, യാത്രാസമയം കുറയ്ക്കുക, സുരക്ഷ വര്‍ധിപ്പിക്കുക, ലോകനിലവാരത്തിലുള്ള യാത്രാസൗകര്യം ഒരുക്കുക എന്നിവ ലക്ഷ്യംവെച്ചാണ് സ്വകാര്യവൽകരണമെന്നാണ് റയിൽവേ മന്ത്രാലയം പറയുന്നത്. ഇതിന്റെ തുടക്കം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ലഖ്നോ-ഡല്‍ഹി പാതയില്‍ തേജസ് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചിരുന്നു.

Similar News