അമിത്ഷാ കേരളം താങ്കള്‍ പറഞ്ഞതല്ല: രാഹുല്‍

ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും രാജ്യം വലിയ ആക്രമണം നേരിടുകയാണന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Update: 2019-04-16 07:40 GMT

പത്തനാപുരം: അമിത്ഷാ പറയുന്നത് പോലെയല്ല കേരളം. കേരള ജനത ഹൃദയ വിശാലതയുള്ളവരാണെന്നും ഉയര്‍ന്ന സാക്ഷരതയാണ് കേരളത്തില്‍ ഉള്ളതെന്നും രാജ്യത്തിന്ന് മാതൃകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മല്‍സരിക്കുന്നത് രാജ്യത്തിനുള്ള സന്ദേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്താനാപുരത്ത് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍ നിന്നും രാജ്യം വലിയ ആക്രമണം നേരിടുകയാണന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളെ എതിര്‍ത്തുകളയുമെന്ന ബിജെപി ശബ്ദങ്ങളെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബിജെപി ആശയങ്ങളോട് യോജിപ്പില്ലെങ്കിലും നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ എത്രമാത്രം അടിച്ചമര്‍ത്തിയാലും ആക്രമിച്ചാലും ഞങ്ങളുടെ മറുപടി സ്‌നേഹത്തിന്റെ ഭാഷയിലായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

മോദി ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തത്. ജനങ്ങളോട് പറഞ്ഞ ഒരു കാര്യവും നടപ്പാക്കിയില്ല. പ്രതിവര്‍ഷം രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞു, അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം വരുമെന്ന് പറഞ്ഞു, കര്‍ഷകര്‍ക്ക് ന്യായ വില നല്‍കുമെന്നു പറഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലും അതിന്റെ നേട്ടം ലഭിച്ചിട്ടുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. മോദി പാലിച്ച ഓരേ ഒരു വാഗ്ദാനം അനില്‍ അംബാനിക്ക് റാഫേല്‍ ഇടപാടില്‍ 30,000 കോടി നല്‍കുകയെന്നതുമാത്രമാണെന്നും രാഹുല്‍ തുറന്നടിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് എന്ത് സഹായവും പിന്തുണയുമാണ് നല്‍കിയതെന്നും രാഹുല്‍ ചോദിച്ചു. ന്യായ് പദ്ധതി പ്രകാരം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. പുരുഷന്‍മാരേക്കാള്‍ ദീര്‍ഘവീക്ഷണത്തോടെയാണ് സ്ത്രീകള്‍ക്ക് പണം ചിലവാക്കാന്‍ സാധിക്കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.



Similar News