കശ്മീര്‍ സന്ദര്‍ശനം: രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു

നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നടപടി. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷസംഘത്തെ പുറത്തുകടക്കാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. മാധ്യമങ്ങളെ കാണാനും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് സംഘത്തോട് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചത്.

Update: 2019-08-24 10:21 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ചു. നേതാക്കളുടെ സന്ദര്‍ശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ നടപടി. ശ്രീനഗര്‍ വിമാനത്താവളത്തിലെത്തിയ പ്രതിപക്ഷസംഘത്തെ പുറത്തുകടക്കാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. മാധ്യമങ്ങളെ കാണാനും അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് സംഘത്തോട് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചത്.

ഭീകരരുടെ ഭീഷണി നേരിടുകയും മനുഷ്യജീവന്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയുമാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ പരിഗണനയെന്ന് ജമ്മു കശ്മീര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള രാഹുലിന്റെ ആദ്യസന്ദര്‍ശനമായിരുന്നു ഇത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെ സി വേണുഗോപാല്‍ ഉള്‍പ്പടെ 12 പേരാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നത്. സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ടെത്തി വിലയിരുത്താന്‍ ഗവര്‍ണര്‍ സത്യപാലിക് മാലിക്ക് നേരത്തെ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കശ്മീരില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നിര്‍ദേശം ഗവര്‍ണര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

താഴ്‌വരയിലെ പലസ്ഥലങ്ങളിലായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ലംഘനമായിരിക്കും രാഷ്ട്രീയ നേതാക്കളുടെ ഈ സന്ദര്‍ശനമെന്നും കശ്മീര്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, സന്ദര്‍ശനം വിലക്കിക്കൊണ്ട് സര്‍ക്കാരില്‍നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ സന്ദര്‍ശനവുമായി മുന്നോട്ടുപോയത്. പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പോലിസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടതുനേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ, ഗുലാം നബി ആസാദ് എന്നിവരെ ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നേരത്തെ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു. 

Tags:    

Similar News