ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Update: 2019-11-01 09:38 GMT

ന്യൂഡല്‍ഹി: വായു മലിനീകരണത്തിന്റെ തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി(ഇപിസിഎ) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മാസം 5 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചൊവ്വാഴ്ച്ച വരെ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തു. ഡല്‍ഹിയിലെ അന്തരീക്ഷ വായുനിലവാരം രാവിലെ അതീവ മോശമായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം ഉണ്ടായത്്. വായു നിലവാര സൂചിക ക്യൂബിക് 426 ആയി. മൂടല്‍മഞ്ഞ് കാരണം തലസ്ഥാന നിവാസികള്‍ക്ക് ശ്വാസതടസ്സവും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യാ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം അനുഭവപ്പെട്ടത്. മലിനീകരണം ശക്തമായതോടെ ആളുകള്‍ക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. സ്‌കൂള്‍ കുട്ടികള്‍ക്ക് മാസ്‌ക്കുകള്‍ വിതരണം ചെയ്യണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. ഡല്‍ഹിയെ ഗ്യാസ് ചേംബര്‍ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിശേഷിപ്പിച്ചത്.

    ഡല്‍ഹിയുടെ സമീപപ്രദേശങ്ങളായ മുണ്ട്ക, ദ്വാരക സെക്റ്റര്‍ 8, ആനന്ദ് വിഹാര്‍, വസീര്‍പൂര്‍ എന്നിവിടങ്ങളിലും വായു നിലവാരത്തിന്റെ തോത് ഏറെ മോശമാണെന്നും റിപോര്‍ട്ടുകളുണ്ട്. ഇതര സംസ്ഥാനങ്ങളായ ഹരിയാനയിലും പഞ്ചാബിലും സ്ഥിതി മോശമാണ്. ഇവിടെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതും മലിനീകരണത്തിന് കാരണമാവുന്നുണ്ട്. വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം കൂടുതല്‍ വഷളാവുമെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തേ പ്രവചിച്ചിരുന്നു. നിലവില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളോട് മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇപിസിഎ നോട്ടീസ് നല്‍കി.




Tags: