പിഎസ്‌സി പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി നല്‍കിയ പരാതിയില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘത്തെ നാളെ പ്രഖ്യാപിക്കുമെന്ന് ഡിജിപിയുടെ ഓഫിസ് അറിയിച്ചു.

Update: 2019-08-07 16:05 GMT

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമകേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പിഎസ്‌സി പരീക്ഷാത്തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി നല്‍കിയ പരാതിയില്‍ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘത്തെ നാളെ പ്രഖ്യാപിക്കുമെന്ന് ഡിജിപിയുടെ ഓഫിസ് അറിയിച്ചു. യൂനിവേഴ്‌സിറ്റി കോളജിലെ മൂന്നാംവര്‍ഷ ചരിത്രവിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളും എസ്എഫ്‌ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, നസിം, പ്രണവ് എന്നിവരാണ് ക്രമക്കേട് നടത്തി പിഎസ്‌സിയുടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ കയറിക്കൂടിയത്.

പിഎസ്‌സി ആഭ്യന്തര വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ പട്ടികയില്‍നിന്ന് പുറത്താക്കുകയും പിഎസ്‌സി പരീക്ഷയെഴുതുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നത്. പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലിസുകാരനായ കല്ലറ സ്വദേശി ഗോകുലാണ് പ്രണവിന് ഉത്തരങ്ങള്‍ സന്ദേശമായി അയച്ചുകൊടുത്തതെന്ന് പിഎസ്‌സി കണ്ടെത്തി. പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ പ്രണവിന്റെ സുഹൃത്താണ് ഗോകുല്‍. 2017ലാണ് ഇയാള്‍ പോലിസില്‍ ജോലിയില്‍ പ്രവേശിച്ചത്.

ഗോകുലിന്റെ മൊബൈല്‍ ഫോണില്‍നിന്നാണ് പ്രണവിന് സന്ദേശങ്ങള്‍ ലഭിച്ചതെന്നാണ് വിജിലന്‍സ് സംഘത്തിന്റെ കണ്ടെത്തല്‍. പിഎസ്‌സി ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരനായ പ്രണവ് എന്നിവരുടെ മൊബൈല്‍ ഫോണിലേക്ക് പരീക്ഷാസമയത്ത് 174 സന്ദേശങ്ങള്‍ വന്നെന്നാണ് സൈബര്‍ പോലിസിന്റെ കണ്ടെത്തല്‍. ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് പിഎസ്‌സി പോലിസിനെ സമീപിച്ചത്. പ്രതികള്‍ ഉപയോഗിച്ച നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും പിഎസ്‌സി പോലിസിനോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ പേര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്. 

Tags: