യുഎപിഎ ഭേദഗതി: പൗരാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമെന്ന് രാഷ്ട്രീയ, സാമൂഹിക നേതാക്കളും മനുഷ്യാവകാശപ്രസ്ഥാനങ്ങളും

സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലുകളോട് യോജിക്കാനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധാ കാരാട്ട് വ്യക്തമാക്കി. നിര്‍ദിഷ്ട ഭേദഗതി വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളെപ്പോലും അറിയിക്കാതെ പരിശോധന നടത്താനും കസ്റ്റഡിയിലെടുക്കാനും എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് എന്‍ഐഎ ഭേദഗതി ബില്‍.

Update: 2019-07-11 07:02 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച നിര്‍ദിഷ്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (നിരോധന) നിയമം (യുഎപിഎ) ഭേദഗതി ബില്‍ ഇന്ത്യന്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റവും വ്യക്തികള്‍ക്ക് 'ഭീകരന്‍' എന്ന മുദ്രചാര്‍ത്തിക്കൊടുക്കാനുള്ളതുമാണെന്ന് പ്രമുഖ രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കന്‍മാരും വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചയാണ് യുഎപിഎ ഭേദഗതി ബില്ലും എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്ലും ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 

സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലുകളോട് യോജിക്കാനാവില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധാ കാരാട്ട് വ്യക്തമാക്കി. നിര്‍ദിഷ്ട ഭേദഗതി വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ നിയമം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് ഉയരുന്നത്. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളെപ്പോലും അറിയിക്കാതെ പരിശോധന നടത്താനും കസ്റ്റഡിയിലെടുക്കാനും എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് എന്‍ഐഎ ഭേദഗതി ബില്‍. ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ബൃദ്ധാ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

എന്‍ഐയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനെതിരേ മുസ്‌ലിം ലീഗ് എംപി കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. അന്വേഷണ ഏജന്‍സികളുടെ അധികാരം വര്‍ധിപ്പിച്ചുനല്‍കുന്ന ബില്‍ നടപ്പാക്കുമ്പോള്‍ അത് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കരിനിയമങ്ങളായ ടാഡയടെയും പോട്ടയുടെയും മറ്റൊരു പതിപ്പായ യുഎപിഎ പിന്‍വലിക്കണമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണ് യുഎപിഎ നിയമമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരേ ആയുധമായി യുഎപിഎ ഉപയോഗിക്കുമെന്നായിരുന്നു ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം എ സി മിഷേലിന്റെ പ്രതികരണം.

കാലാകാലങ്ങളായി സര്‍ക്കാരുകള്‍ ഇത്തരം കരിനിയമങ്ങള്‍ ദുരുപയോഗം ചെയ്തതിലൂടെ മുസ്‌ലിം സമുദായത്തിലെ ആയിരക്കണക്കിന് യുവാക്കളാണ് ജയിലറകളില്‍ കുടുങ്ങിക്കിടക്കുന്നത്. ഔദ്യോഗികമായ കണക്കുകള്‍പ്രകാരം ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലായി 2,000 മുസ്‌ലിം യുവാക്കള്‍ക്കെതിരേയാണ് യുഎപിഎ നിയമം ചാര്‍ത്തപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് യുഎപിഎ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍, മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍, എതിര്‍ശബ്ദങ്ങളുയര്‍ത്തുന്നവര്‍ എന്നിവരെ മാത്രം ലക്ഷ്യമിട്ടാണ് യുഎപിഎ ഭേദഗതിയുമായി ബിജെപി സര്‍ക്കാര്‍ രംഗത്തുവരുന്നതെന്ന് പൗരാവകാശസംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്രസര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തുന്ന സംഘടനകളെ ഭീകരവാദത്തിന്റെ മുദ്രചാര്‍ത്തി നിരോധിക്കുന്നതിനുവേണ്ടിയാണ് യുഎപിഎ നിയമത്തില്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അഭിപ്രായപ്പെട്ടു. പുതിയ നിയമഭേദഗതി എല്ലാത്തരത്തിലും ദുരുപയോഗം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 2008ല്‍ യുഎപിഎ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി വലിയ വിവാദത്തിന് വഴിവച്ചതാണ്. എന്നാല്‍, സര്‍ക്കാര്‍ അധികാരത്തിന്റെ ബലത്തില്‍ പൗരന്‍മാരുടെ മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് വീണ്ടും നിയമഭേദഗതി കൊണ്ടുവന്നിരിക്കുകയാണ്. കള്ളക്കേസുകളുടെ പേരില്‍ യുഎപിഎ ചുമത്തപ്പെട്ട് നിരവധി നിരപരാധികള്‍ കാലങ്ങളായി ജയിലുകളില്‍ കഴിയുന്ന നിരവധി സംഭവങ്ങളാണുണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കേന്ദ്രം കൊണ്ടുവന്ന യുഎപിഎ നിയമഭേദഗതി ഭയപ്പെടത്തുന്നതാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അംഗവും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനുമായ കമാല്‍ ഫാറൂഖി പ്രതികരിച്ചു. പൗരന്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന കേസുകള്‍ വരുംദിവസങ്ങളില്‍ വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. യുഎപിഎ ഭേദഗതിയുമായി മുന്നോട്ടുപോവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം തടയുന്നതിന് പ്രതിപക്ഷ എംപിമാരുടെ സഹായമുണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യുഎപിഎ നിയമം പിന്‍വലിക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ വൈസ് ചെയര്‍മാന്‍ കെ പി മുഹമ്മദ് ശെരീഫും ആവശ്യപ്പെട്ടു.

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം ഇന്ത്യന്‍ ഭരണഘടനയിലെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ ഇത്തരം നിയമങ്ങളുമായി രംഗത്തുവരുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനേ ഉപകരിക്കൂ എന്ന് സാമൂഹികപ്രവര്‍ത്തകന്‍ പ്രഫ. ആനന്ദ് കുമാര്‍ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ലോക്‌സഭയിലെ ബില്‍ അവതരണവേളയില്‍ കേന്ദ്രത്തിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.  

Tags: