പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ്സ് നേതൃത്വത്തിലേക്ക്; എഐസിസിയില്‍ വന്‍ അഴിച്ചുപണി

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി പദവിയിലേക്കാണ് പ്രിയങ്കയെ ഉയര്‍ത്തിയത്. പ്രിയങ്ക ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യത്തിന് ശുഭാന്ത്യമായിരിക്കുകയാണ്.

Update: 2019-01-23 07:58 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്സ്. എഐസിസിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തിയ കോണ്‍ഗ്രസ്സ് പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ഐഐസിസി ജനറല്‍ സെക്രട്ടറി പദവിയിലേക്കാണ് പ്രിയങ്കയെ ഉയര്‍ത്തിയത്. പ്രിയങ്ക ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യത്തിന് ശുഭാന്ത്യമായിരിക്കുകയാണ്. ഇതുവരെ പിന്നണിയില്‍ നിന്നു കൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്ന പ്രിയങ്ക വര്‍ഷങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് ഒടുവിലാണ് പാര്‍ട്ടിയുടെ നേതൃതിരയിലേക്ക് വരുന്നത്. യുപിഎ അധ്യക്ഷയും മാതാവുമായ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയില്‍ നിന്ന് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമെന്ന് സൂചന കൂടിയാണ് പുതിയ നിയമനത്തിലൂടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് പ്രിയങ്കയുടെ നിയമനം.

2004 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേതിയില്‍ മത്സരിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 2013ല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷനായ അദ്ദേഹം 2017ലാണ് പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. രാഹുല്‍ രാഷ്ട്രീയത്തില്‍ അരങ്ങേറി 15 വര്‍ഷം പിന്നിടുമ്പോള്‍ ആണ് പ്രിയങ്കാ ഗാന്ധിയുടെ വരവ്.

എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്ന അശോക് ഗെഹ്‌ലോത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രിയാതോടെ കെ സി വേണുഗോപാലിന് സംഘടന കാര്യ ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം, നിലവില്‍ കര്‍ണാടക സംസ്ഥാനത്തിന്റെ ചുമതലയും വേണുഗോപാല്‍ തന്നെ തുടര്‍ന്നും വഹിക്കും. ഉത്തര്‍പ്രദേശ് വെസ്റ്റിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ജ്യോതിരാധിത്യ സിന്ധ്യയെയും നിയമിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിന്റെ മൊത്തം ചുമതലയുണ്ടായിരുന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിനെ ഹരിയാനയുടെ ചുമതല നല്‍കിയാണ്, പ്രിയങ്കയേയും ജ്യോതിരാധിത്യ സിന്ധ്യയ്ക്കും ഉത്തര്‍ പ്രദേശിനെ വിഭജിച്ച് നല്‍കിയിരിക്കുന്നത്.

Tags: