പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍: നിയമത്തിലെ ഇളവ് പുനപ്പരിശോധിക്കും
ന്യൂഡല്‍ഹി: പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ കേസില്‍ ഇളവ് നല്‍കിയ വിധി പുനപ്പരിശോധിക്കാന്‍ സുപ്രിംകോടതി തീരുമാനം. പട്ടികജാതി, വര്‍ഗക്കാര്‍ക്കെതിരായ പരാതികളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രമേ അറസ്‌റ്റോ, വിചാരണയോ പാടുള്ളൂ എന്ന സുപ്രിംകോടതി വിധിയാണ് പുനപരിശോധിക്കാന്‍ തീരുമാനിച്ചത്. വിധിക്കെതിരേ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാരില്‍ നിന്നു വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പുനപരിശോധനാ ഹരജിയിലാണ് സുപ്രിംകോടതിയുടെ ഇടപെടല്‍. ദലിതര്‍ക്കെതിരായ അതിക്രമക്കേസുകളില്‍ അറസ്റ്റ് ഉടന്‍ വേണ്ട, ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ
സുപ്രിംകോടതി വിധി രൂക്ഷമായ എതിര്‍പ്പിന് കാരണമാക്കിയിരുന്നു. രാജ്യത്തെ നിയമങ്ങള്‍ ജനറല്‍ കാറ്റഗറിക്ക് ഒന്നും, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് മറ്റൊന്നും എന്ന തരത്തില്‍ വിഭജിക്കരുതെന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദലിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തുകയും പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തതോടെ വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് ബില്ല് പാസ്സാക്കുകയായിരുന്നു.
എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഉടനടി അറസ്‌റ്റെന്ന വ്യവസ്ഥ ന്യായമല്ലെന്നും പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് നിയമത്തില്‍ ഇളവ് വരുത്തിയത്. പരാതിയില്‍ കഴമ്പുണ്ടോ എന്ന കാര്യത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ പോലിസിനു സമയം നല്‍കണമെന്നും, ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യം നേടാമെന്നും കോടതി വിധിച്ചിരുന്നു. മാത്രമല്ല, ഇത്തരം കേസില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയോ ഭരണപദവി കൈകാര്യം ചെയ്യുന്നയാളെയോ അറസ്റ്റ് ചെയ്യണമെങ്കില്‍ അതാത് ഓഫിസിലുള്ള മേധാവികളുടെ അനുമതി വേണമെന്നും അതല്ലാത്തവരെ അറസ്റ്റ് ചെയ്യാന്‍ എസ്എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുമതി വേണമെന്നുമാണ് സുപ്രിംകോടതി വിധിയുണ്ടായിരുന്നത്.
