പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് ടീം നിലവില്‍വന്നു;പ്രളയത്തിലും കൊവിഡ്, നിപ മഹാമാരികളിലും പോപുലര്‍ ഫ്രണ്ടിന്റെ വോളണ്ടിയേഴ്‌സ് നടത്തിയത് സ്തുത്യര്‍ഹസേവനം:സി പി മുഹമ്മദ് ബഷീര്‍

കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും ആളുകള്‍ ഭയപ്പെട്ടപ്പോള്‍ യാതൊരു ആശങ്കയുമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലധികം മൃതദേഹങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കാന്‍ പോപുലര്‍ ഫ്രണ്ട് വോളണ്ടിയര്‍മാര്‍ തയ്യാറായെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് കൊണ്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി

Update: 2022-03-30 16:12 GMT

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് ടീം നിലവില്‍ വന്നു. സംസ്ഥാനതല ഉദ്ഘാടനം ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് 2018 മുതല്‍ ആവര്‍ത്തിച്ചെത്തുന്ന പ്രളയത്തിലും കൊവിഡ്, നിപ പോലുള്ള മഹാമാരികളിലും പോപുലര്‍ ഫ്രണ്ടിന്റെ വോളണ്ടിയേഴ്‌സ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പോലും ആളുകള്‍ ഭയപ്പെട്ടപ്പോള്‍ യാതൊരു ആശങ്കയുമില്ലാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലധികം മൃതദേഹങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിക്കാന്‍ പോപുലര്‍ ഫ്രണ്ട് വോളണ്ടിയര്‍മാര്‍ തയ്യാറായി.


സുനാമി, ഓഖി ദുരന്തങ്ങള്‍ കേരളത്തിന്റെ തീരപ്രദേശങ്ങളെ പിടിച്ചുലച്ചപ്പോള്‍ സ്വാന്തനമായി പോപുലര്‍ വോളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. പ്രകൃതി ദുരന്തങ്ങളില്‍ നിന്നെന്ന പോലെ രാജ്യം നേരിടുന്ന മറ്റു വെല്ലുവിളികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ റെസ്‌ക്യൂ ആന്റ് റിലീഫ് വോളണ്ടിയര്‍മാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥനായ ബി അനീഷ്, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എസ് നിസാര്‍, റെസ്‌ക്യൂ ആന്റ് റിലീഫ് സ്‌റ്റേറ്റ് ഇന്‍ ചാര്‍ജ് നിഷാദ് മൊറയൂര്‍ സംസാരിച്ചു. രാവിലെ ആരംഭിച്ച റെസ്‌ക്യൂ ആന്റ് റിലീഫ് വെളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു.

പരിശീലനത്തിന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബി അനീഷ്, വൈ എ രാഹുല്‍ ദാസ്, എം സജാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിശീലകര്‍ക്കുള്ള ഉപഹാരം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറില്‍ നിന്നും ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി അനീഷ്, വൈ എ രാഹുല്‍ ദാസ് എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിമാരായ എ അബ്ദുല്‍ ലത്തീഫ്, സി എ റഊഫ്, ഖജാന്‍ജി കെ എച്ച് നാസര്‍, സംസ്ഥാന സമിതി അംഗങ്ങളായ ബി നൗഷാദ്, എം കെ അഷ്‌റഫ്, യഹിയാ തങ്ങള്‍, പി അബ്ദുല്‍ അസീസ്, സി കെ റാഷിദ് സംബന്ധിച്ചു.

Tags:    

Similar News