ലഷ്‌കര്‍ കമാന്‍ഡര്‍ക്കൊപ്പം പിടിയിലായ പോലിസ് ഉദ്യോഗസ്ഥനെതിരേ അഫ്‌സല്‍ ഗുരു നല്‍കിയ മൊഴി ചര്‍ച്ചയാവുന്നു

രാജ്യത്ത് പൗരത്വ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടെ മറ്റൊരു ആക്രമണം നടത്തി ഭരണകൂടത്തെ രക്ഷിക്കുവാനുള്ള യാത്രയിലായിരുന്നോ ദേവീന്ദര്‍ സിങെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ലഷ്‌കര്‍, ഹിസ്ബുല്‍ പ്രവര്‍ത്തകരോടൊപ്പം ദേവീന്ദര്‍ സിങ് ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന കാര്യം ഇപ്പോഴും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

Update: 2020-01-12 14:13 GMT

ന്യൂഡല്‍ഹി: ലഷ്‌കര്‍ ഇ ത്വയ്യിബ, ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിങിനെതിരേ പാര്‍ലിമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു നല്‍കിയ മൊഴി ചര്‍ച്ചയാവുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികളില്‍ ഒരാളെ ഡല്‍ഹിയിലെത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും ദേവീന്ദര്‍ സിങിന്റെ സുഹൃത്തായ അല്‍ത്താഫ് എന്ന യുവാവായിരുന്നുവെന്നാണ് അഫ്‌സല്‍ ഗുരു അഭിഭാഷകനയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്. അല്‍ത്താഫ് എന്ന യുവാവ് പറഞ്ഞതനുസരിച്ച് താന്‍ ദേവീന്ദര്‍ സിങിനെ കാണാന്‍ പോയെന്നും, താന്‍ പരിചയപ്പെടുത്തുന്നയാള്‍ക്കായി ഡല്‍ഹിയില്‍ താമസസൗകര്യം ഒരുക്കണമെന്നും, അവിടെ ചുറ്റി നടന്ന് കാണിക്കണമെന്നും തന്നോട് ദേവീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നതായും അഫ്‌സല്‍ ഗുരു അന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഫ്‌സല്‍ ഗുരുവിന്റെ മൊഴിയോ ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്ന ആവശ്യമോ നിരസിക്കപ്പെടുകയായിരുന്നു. ഇതേ ദേവീന്ദര്‍ സിങിനെയാണ് കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവ സമയം, താഴ്‌വരയിലെ ലഷ്‌കര്‍ ഇ ത്വയ്യിബയുടെ മുതിര്‍ന്ന കമാന്‍ഡറെന്ന് സൈന്യം പറയുന്ന നവീദ് ബാബുവും നേരത്തേ അഫ്‌സല്‍ ഗുരു തന്റെ കത്തില്‍ പരാമര്‍ശിച്ച അല്‍ത്താഫുമുണ്ടായിരുന്നു. അല്‍ത്താഫ് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനാണെന്നാണ് സുരക്ഷാസേന പറയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് എ കെ 47 ഉള്‍പ്പടെയുള്ള നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ പോലിസ് ഉദ്യോഗസ്ഥനാണ് ഡിഎസ് പി ദേവീന്ദര്‍ സിങ് എന്നതും ശ്രദ്ധേയമാണ്.


തന്നെ കുടുക്കിയത് ദേവീന്ദര്‍ സിങ്; അഫ്‌സല്‍ ഗുരുവിന്റെ കത്തിലെ ഉള്ളടക്കം

    ജമ്മുകശ്മീരിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങാണ് തന്നെ കുടുക്കിയതെന്ന് അഫ്‌സല്‍ ഗുരു തന്റെ അഭിഭാഷകനയച്ച കത്തില്‍ അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയികുന്നു. ഈ കത്താണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുന്നത്. അന്ന് തന്നെ ഈ വിവരം പുറത്തുവന്നിരുന്നതാണെങ്കിലും അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തയ്യാറായിരുന്നില്ല. അഫ്‌സല്‍ ഗുരുവിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായിരുന്ന അഡ്വ. സുശീല്‍ കുമാര്‍ അന്ന് പുറത്തുവിട്ട കത്തില്‍ ദേവീന്ദര്‍ സിങിനെ 'ദ്രാവീന്ദര്‍ സിങ് എന്നാണ് വിശേഷിപ്പിക്കുന്നത്. പാര്‍ലിമെന്റ് ആക്രമണം നടത്തിയ വ്യക്തിയെ 2000ത്തിന്റെ തുടക്കത്തില്‍ തനിക്കു പരിചയപ്പെടുത്തയത് ദേവീന്ദര്‍ സിങാണെന്ന് അഫ്‌സല്‍ ഗുരു കത്തില്‍ പറയുന്നുണ്ട്. ''ഒരു ദിവസം എന്നെ അല്‍ത്താഫ് ദ്രാവീന്ദര്‍ സിങ്(ഡിഎസ്പി) എന്ന ഓഫിസറുടെ അടുത്തേക്ക് കൊണ്ടുപോയി. ദ്രാവീന്ദര്‍ സിങിനു വേണ്ടി ഒരു ജോലിയുണ്ടെന്നും അത് ചെയ്യണമെന്നും എന്നോട് പറഞ്ഞു. വലിയ പോലിസുദ്യോഗസ്ഥനായതിനാല്‍ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഡല്‍ഹിയെ കുറിച്ച് നന്നായി അറിയാമെന്നതിനാല്‍ തനിക്കറിയാവുന്ന ഒരാളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോവണമെന്നും അവിടെ ഒരു വീട് വാടകയ്‌ക്കെടുത്ത് നല്‍കണമെന്നും എന്നോടാവശ്യപ്പെട്ടു. എനിക്കയാളെ മുമ്പ് പരിചയമുണ്ടായിരുന്നില്ല. അയാളുടെ രീതികളും ഭാഷയും കണ്ടപ്പോള്‍ അയാള്‍ കശ്മീരിയല്ലെന്ന് മനസ്സിലായി. പക്ഷേ, എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അയാളെ ഞാന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം അയാളെന്നോട് ഒരു കാര്‍ വേണമെന്ന് പറഞ്ഞു. ഞാനയാളെ കരോള്‍ ബാഗിലേക്ക് കൊണ്ടുപോയി. അവിടുന്ന് അയാളൊരു കാര്‍ വാങ്ങി. ഡല്‍ഹിയില്‍ വച്ച് അയാളൊരുപാട് പേരെ കാണാറുണ്ടായിരുന്നു. അയാളുടെ പേര് മുഹമ്മദ് എന്നായിരുന്നു. ദ്രാവീന്ദര്‍ സിങ് ഇതിനിടെ പല തവണ ഞങ്ങളെ(അഫ്‌സല്‍ ഗുരുവിനെയും, അല്‍ത്താഫിനെയും മുഹമ്മദിനെയും) വിളിക്കാറുണ്ടായിരുന്നുവെന്നാണ് അഫ്‌സല്‍ ഗുരുവിന്റെ കത്തിലുണ്ടായിരുന്നത്.

    2001 ഡിസംബര്‍ 13ന് പാര്‍ലമെന്റ് ആക്രിച്ചവരില്‍ ഒരാള്‍ ഈ മുഹമ്മദായിരുന്നു. ഇയാളെ സുരക്ഷാസേന പാര്‍ലിമെന്റ് വളപ്പില്‍ നിന്ന് തന്നെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. അഫ്‌സല്‍ ഗുരു ഉന്നയിച്ച ആരോപണങ്ങള്‍ അന്ന് ആരും ചെവിക്കൊണ്ടിരുന്നില്ല.

ദേവീന്ദര്‍ സിങിന്റെ അടുത്ത ലക്ഷ്യം എന്തായിരിക്കും...?

    രാജ്യത്ത് പൗരത്വ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടെ മറ്റൊരു ആക്രമണം നടത്തി ഭരണകൂടത്തെ രക്ഷിക്കുവാനുള്ള യാത്രയിലായിരുന്നോ ദേവീന്ദര്‍ സിങെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. ലഷ്‌കര്‍, ഹിസ്ബുല്‍ പ്രവര്‍ത്തകരോടൊപ്പം ദേവീന്ദര്‍ സിങ് ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന കാര്യം ഇപ്പോഴും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുകളും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തെക്കന്‍ കശ്മീര്‍ ഡിഐജി അതുഓല്‍ ഗോയലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദേവീന്ദര്‍ സിങിന്റെ കാര്‍ പിന്തുടര്‍ന്ന് കുല്‍ഗാമിലെ മിര്‍ ബസാറില്‍ വച്ച് മൂവരെയും അറസ്റ്റ് ചെയ്തതത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ ഡിഎസ്പിയെ രോഷാകുലനായി ഡിഐജി കൈയേറ്റം ചെയ്തതായും പറയപ്പെടുന്നുണ്ട്. വാഹനത്തില്‍ നിന്ന് എകെ 47 അടക്കമുള്ള റൈഫിളുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ദേവീന്ദര്‍ സിങിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 റൈഫിളും കണ്ടെടുത്തതായും ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചിരുന്നു. ഏതായാലും 'ഭീകരപ്രവര്‍ത്തനം' നടത്തുന്നവര്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥന്‍ പിടിക്കപ്പെട്ടതിനു പിന്നിലെ ദുരൂഹത വര്‍ധിക്കുക തന്നെയാണ്.




Tags:    

Similar News