വരവര റാവുവിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്

വരവരറാവുവിനെ ജയിലില്‍ മരണത്തിനു വിട്ടുകൊടുക്കരുതെന്ന് കുടുംബം മഹാരാഷ്ട്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 79 വയസ്സുള്ള വരവറാവുവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് ഓര്‍മക്കുറവ് പിടികൂടിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

Update: 2020-07-16 14:09 GMT

മുംബൈ: ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കാത്ത് കഴിയുന്ന വിപ്ലവ കവിയും ആക്ടിവിസ്റ്റുമായ വരവര റാവുവിന് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 79കാരനായ വരവരറാവുവിന് കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വരവര റാവുവിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ അദ്ദേഹത്തിന്റെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും പറഞ്ഞിരുന്നു. തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച ഏതാനും പരിശോധനകള്‍ക്കായി ജെജെ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു.

വരവരറാവുവിനെ ജയിലില്‍ മരണത്തിനു വിട്ടുകൊടുക്കരുതെന്ന് കുടുംബം മഹാരാഷ്ട്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 79 വയസ്സുള്ള വരവറാവുവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് ഓര്‍മക്കുറവ് പിടികൂടിയിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഫോണ്‍ ചെയ്തപ്പോള്‍ അദ്ദേഹം പരസ്പര ബന്ധമില്ലാതെ സംസാരിച്ചതായി കുടുംബാംഗങ്ങള്‍ പറയുന്നു.

പ്രശസ്ത തെലുഗു കവിയായ വരവരറാവു 2018 മുതല്‍ നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ഭീമ കോറോഗാവ് കേസുമായി വരവറാവുവിന് ബന്ധമുണ്ടെന്നാണ് കേസന്വേഷിക്കുന്ന എന്‍ഐഎ ആരോപിക്കുന്നത്.

വരവരറാവുവിന്റെ ഭാര്യ പി ഹേമലത, മകള്‍ സഹജ, അനല, പ്രവീണ്‍ തുടങ്ങിയവരാണ് വരവരറാവുവിലെ ജയിലിലിട്ട് കൊല്ലരുതെന്ന് അധികൃതരോട് അഭ്യര്‍ത്ഥിച്ചത്.

കഴിഞ്ഞ ശനിയാഴ്ച ഫോണില്‍ ആരോഗ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഉത്തരം നല്‍കിയില്ലെന്നു മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും ശവസംസ്‌കാരത്തെക്കുറിച്ചും ഏഴ് പതിറ്റാണ്ടും നാല് ദശകത്തിനും മുമ്പു നടന്ന സംഭവങ്ങളെക്കുറിച്ചും ഭ്രമാത്മകമായ രീതിയില്‍ പ്രതികരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും കുടുംബം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഫോണ്‍ ചെയ്യുന്ന സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എഴുത്തുകാന്‍ വെര്‍നോന്‍ ഗോണ്‍സാല്‍വ്‌സ് ഉടന്‍ വരവരറാവുവിന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി അദ്ദേഹത്തിന് നടക്കാനോ പല്ലുതേക്കാനോ പ്രഥമിക കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാനോ കഴിയുന്നില്ലെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ഓര്‍മ നശിച്ചുകൊണ്ടിരിക്കുകയാണെന്നും കുടുംബം പറയുന്നു. സോഡിയത്തിന്റെ കുറവുമുണ്ട്.

അസുഖം വര്‍ധിച്ചപ്പോള്‍ ജയിലധികൃതര്‍ അദ്ദേഹത്തെ തലോജ ജയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പക്ഷേ, അവിടെ ഇത്തരം അസുഖങ്ങള്‍ ചികില്‍സിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ട് ജയിലിലേക്ക് തന്നെ മാറ്റി.

പിന്നീട് മെയ് 28ന് മുംബൈയിലെ സര്‍ ജെ ജെ ആശുപത്രിയിലേക്ക് മാറ്റി. ആ സമയം അദ്ദേഹത്തിന് സ്വബോധമില്ലായിരുന്നു. അവിടെ അദ്ദേഹത്തെ മൂന്ന് ദിവസം അഡ്മിറ്റ് ചെയ്തു.

വരവരറാവുവിന്റെയും 61 വയസ്സുള്ള പ്രഫ. ഷോമ സെന്നിന്റെയും ജാമ്യ ഹരജി കഴിഞ്ഞ മാസം എന്‍ഐഎ കോടതി തള്ളിയിരുന്നു. കൊവിഡിന്റെ സാഹചര്യത്തില്‍ അവരെ പുറത്തുവിടണമെന്ന ആവശ്യമുന്നയിച്ചായിരുന്നു ജാമ്യാപേക്ഷ നല്‍കിയത്. 

Tags:    

Similar News