പ്ലസ് വണ്‍ സീറ്റുകള്‍ വില്‍പ്പനക്ക്; സയന്‍സ് ഗ്രൂപ്പിന് 80000 രൂപ വരെ

മലപ്പുറം മേലാറ്റൂര്‍ ഭാഗത്തെ ഒരു സ്‌കൂളില്‍ 80000 രൂപ വരെയാണ് പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പിന് അഡ്മിഷന്‍ നല്‍കുന്നതിന് ആവശ്യപ്പെട്ടത്

Update: 2021-10-07 07:29 GMT

കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ദൗര്‍ലഭ്യം രൂക്ഷമായ മലബാര്‍ മേഖലയിലെ ചില എയ്ഡഡ് സ്‌കൂളുകളില്‍ പതിനായിരങ്ങള്‍ വാങ്ങി സീറ്റ് വില്‍പ്പന. സയന്‍സ്, മാത്‌സ് വിഷയങ്ങള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിന് മാനേജ്‌മെന്റ് സീറ്റ് കച്ചവടം നടത്തുന്നതിന്റെ വിവരങ്ങള്‍ തേജസ് ന്യൂസിന് ലഭിച്ചു.സയന്‍സ് ഗ്രൂപ്പില്‍ പ്രവേശം ലഭിക്കാത്തവരില്‍ നിന്ന് 80000 രൂപ വരെ വാങ്ങിയാണ് സീറ്റ് നല്‍കുന്നത്.


സ്വകാര്യ മാനേജ്‌മെന്റ് ഉടമസ്ഥതയിലുള്ള എയ്ഡഡ് സ്‌കൂളികളിലാണ് വന്‍ തോതില്‍ സീറ്റ് വില്‍പ്പന നടക്കുന്നത്. മലപ്പുറം മേലാറ്റൂര്‍ ഭാഗത്തെ ഒരു സ്‌കൂളില്‍ 80000 രൂപ വരെയാണ് പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പിന് അഡ്മിഷന്‍ നല്‍കുന്നതിന് ആവശ്യപ്പെട്ടത്. മുന്‍ വര്‍ഷങ്ങളിലും ഈ സ്‌കൂളില്‍ വന്‍ തോതില്‍ സീറ്റ് വില്‍പ്പന നടത്തിയിരുന്നു.


പ്ലസ് വണ്‍ പ്രവേശനത്തിന് എയ്ഡഡ് സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് മാനേജ്‌മെന്റ് നിയന്ത്രണത്തിലുള്ളതാണ്. ഇതില്‍ 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയും 10 ശതമാനം അതത് സമുദായത്തിലെ കുട്ടികള്‍ക്ക് നീക്കിവെക്കാനുമുള്ളതാണ്. ഈ സീറ്റുകളാണ് വന്‍തോതില്‍ വില്‍പ്പന നടത്തുന്നത്. പഠന മികവില്‍ മുന്നിട്ട് നില്‍ക്കുന്ന എയ്ഡഡ് സ്‌കൂളികളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇത്തരം സ്‌കൂളുകളില്‍ മെറിറ്റ് അഡ്മിഷന്‍ ലഭിക്കുന്നവരില്‍ നിന്നുപോലും കെട്ടിട ഫണ്ട് എന്ന പേരില്‍ വന്‍ തുക ഈടാക്കുന്നുണ്ട്. മലപ്പുറത്ത് പോലിസിന്റെ നിയന്ത്രണത്തിലുള്ള എംഎസ്പി സ്‌കൂളില്‍ വരെ ഇത്തരത്തില്‍ അനധികൃത പിരിവ് നടക്കുന്നുണ്ട്.


സ്വകാര്യ ഉടമസ്ഥതയിലുള്ള മിക്ക സ്‌കൂളുകളിലും ഇതേ അവസ്ഥയാണുള്ളത്. സമുദായ സംഘടനകള്‍ നടത്തുന്ന സ്‌കൂളുകളില്‍ ഇത്തരം രഹസ്യ വില്‍പ്പനകള്‍ നടക്കുന്നില്ല. എന്നാല്‍ അവിടെയും മാനേജ്‌മെന്റ് കമ്മറ്റിയിലുള്ളവര്‍ പറയുന്നവര്‍ക്ക് സീറ്റ് മാറ്റിവെക്കുന്നുണ്ട്. കമ്മറ്റികളില്‍ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുടേയും മറ്റ് സമ്പന്നരുടേയും മക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കുമാണ് ഈ സീറ്റുകള്‍ നല്‍കുന്നത്. ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സീറ്റ് നല്‍കുകയാണെങ്കില്‍ കെട്ടിട നിര്‍മാണ ഫണ്ട്, പിടിഎ ഫണ്ട്, സ്ഥാപനം നടത്തുന്ന സംഘടനക്കുള്ള സംഭവന എന്നീ പേരുകള്‍ പതിനായിരങ്ങള്‍ ഈടാക്കുന്നുണ്ട്.


സയന്‍സ്, മാത്‌സ് ഗ്രൂപ്പില്‍ അഡ്മിഷന്‍ സാധ്യത തേടി മാനേജ്‌മെന്റിനെ സമീപിക്കുന്നവരോട് ഒരു മറയുമില്ലാതെയാണ് പണം നല്‍കിയാല്‍ സീറ്റ് ലഭിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്. 40000 മുതല്‍ 80000 രൂപ വരെ വാങ്ങിയാണ് സയന്‍സ് ഗ്രൂപ്പ് സീറ്റ് മാനേജ്‌മെന്റുകള്‍ വില്‍പ്പന നടത്തുന്നത്. ഹ്യൂമാനിറ്റീസ് സീറ്റിന് 15000 രൂപ വരെ ഈടാക്കുന്ന എയ്ഡഡ് സ്‌കൂളുകളുമുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ മിക്ക എയ്ഡഡ് സ്‌കൂളുകളില്‍ സീറ്റ് വില്‍പ്പന നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം.


Tags: