പോപുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി

Update: 2023-10-20 06:54 GMT

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധസംഘടനകളെന്ന് ആരോപിച്ച് എട്ടോളം സംഘടനകളെയും നിരോധിച്ചതിനെതിരേ സുപ്രിംകോടതിയില്‍ ഹരജി. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണലിന്റെ നടപടിയെ ചോദ്യം ചെയ്താണ് സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്. 2022 സപ്തംബര്‍ 28നാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മറ്റും ആരോപിച്ചായിരുന്നു കേന്ദ്രത്തിന്റെ നടപടി. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കുക, 2024ല്‍ ഇസ് ലാമിക രാജ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ), അതിന്റെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ(സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍(എഐഐസി), നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍(എന്‍സിഎച്ച്ആര്‍ഒ), നാഷനല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ എന്നിവയെ നിരോധിക്കുന്നുവെന്നായിരുന്നു ഉത്തരവില്‍ അറിയിച്ചിരുന്നത്. ദേശീയ-സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരുമായ നൂറോളം പേരെ കേരളത്തില്‍ ഉള്‍പ്പെടെ എന്‍ ഐഎ സംഘം അര്‍ധരാത്രി കസ്റ്റഡിയിലെടുത്ത ശേഷമാണ് നിരോധനം പുറപ്പെടുവിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നിരോധന നടപടി യുഎപിഎ ട്രൈബ്യൂണല്‍ പിന്നീട് ശരിവയ്ക്കുകയും ചെയ്തിരുന്നു. യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍(നിയമം)യിലെ മൂന്നാം വകുപ്പ് പ്രകാരമായിരുന്നു നടപടി. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണലാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനം ശരിവച്ചത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരേയാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ തള്ളിക്കളയുന്നതായും തങ്ങളുടെ വാദം കേള്‍ക്കാതെയാണ് ട്രൈബ്യൂണല്‍ വിധി പുറപ്പെടുവിച്ചതെന്നും സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നുണ്ട്. ഹരജി സുപ്രിംകോടതി പരിഗണിക്കുന്നത് മാറ്റിവച്ചു.

Tags:    

Similar News