ഇടുക്കി: പള്ളിവാസലില്‍ അനധികൃതമായി നിര്‍മിച്ച ബഹുനില കെട്ടിടത്തിന്റെ പ്രവര്‍ത്തനാനുമതി പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി റദ്ദാക്കി. പള്ളിവാസല്‍ പഞ്ചായത്തിലെ 9/15 ല്‍ വിച്ചുസ് കണ്‍സ്ട്രക്ഷന്‍ ഉടമ കെ വി.ജോസിന്റെ ഉടമസ്ഥതയിലുള്ള 14നില കെട്ടിടത്തിന്റെ പ്രവര്‍ത്തനാനുമതിയും അനുബന്ധ രേഖകളുമാണ് തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര കമ്മിറ്റിയോഗത്തില്‍ സെക്രട്ടറി ഹരി പുരുഷോത്തമന്‍ റദ്ദാക്കിയത്. പഞ്ചായത്ത് പരിധിയില്‍ 2010 മുതല്‍ 2016 വരെ 40ഓളം ബഹുനില നിര്‍മാണങ്ങളാണു നടത്തിയത്.
150ഓളം കെട്ടിടങ്ങള്‍ക്ക് ഇക്കാലയളവില്‍ നിര്‍മാണാനുമതി നല്‍കിയിരുന്നു. 40 കെട്ടിടങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്നാറില്‍ അനധിക്യത കെട്ടിടങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് പള്ളിവാസലിലും ബഹുനില കെട്ടിടനിര്‍മ്മാണം സജീവമായത്. ദേവികുളം സബ് കലക്ടറായിരുന്ന രാജമാണിക്യം ചില കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നിഷേധിച്ചെങ്കിലും പലരും നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ഇത്തരം കെട്ടിടങ്ങള്‍ക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ പഞ്ചായത്ത് പ്രവര്‍ത്താനുമതിയും നല്‍കി. ലക്ഷ്മി, പോതമേട്, ചിത്തിരപുരം എന്നിവിടങ്ങളിലാണ് വന്‍കിട കെട്ടിടങ്ങള്‍ ഉയര്‍ന്നത്.