നീതിക്കായി അവസാനശ്വാസംവരെ പോരാടുമെന്ന് പെഹ്‌ലുഖാന്റെ കുടുംബം (വീഡിയോ)

എല്ലാ തെളിവുകളുമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പ്രതികളെ ശിക്ഷിക്കാതിരുന്നതെന്ന് പെഹ്‌ലുഖാന്റെ മകന്‍ മുബാറിക് ഖാന്‍ ചോദിക്കുന്നു. കോടതി വിധി ഞങ്ങളെ വല്ലാതെ ബാധിച്ചു. പ്രതികള്‍ ജയിലില്‍ കഴിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകരും മന്ത്രിമാരും തങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

Update: 2019-08-17 07:39 GMT

ചണ്ഡിഗഡ്: പശുക്കടത്താരോപിച്ച് രാജസ്ഥനില്‍ പെഹ്‌ലുഖാനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധിയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബവും അയല്‍വാസികളും. 2017 ഏപ്രില്‍ ഒന്നിനാണ് രാജസ്ഥാനിലെ അല്‍വാറില്‍ ഹിന്ദുത്വര്‍ പെഹ്‌ലുഖാനെ ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തിയത്. കോടതിയില്‍നിന്നെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭാര്യയും മക്കളും ജീവിതം തള്ളിനീക്കിയിരുന്നത്. എന്നാല്‍, പ്രതികളായ ആറുപേരെയും വെറുതെവിട്ടതോടെ കോടതിയും പോലിസും സംസ്ഥാനംക്കുന്ന\കോണ്‍ഗ്രസ് സര്‍ക്കാരും തങ്ങളെ നിരാശപ്പെടുത്തിയെന്ന് കുടുംബം പറയുന്നു.

Full View
എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിലും ഈദ്, ബക്രീദ് ദിനങ്ങളിലും പെഹ്‌ലുഖാന്റെ ഖബറിടം സന്ദര്‍ശിച്ച് പ്രാര്‍ഥനയുമായി കഴിഞ്ഞുകൂടുകയാണ് ഈ കുടുംബമിപ്പോള്‍. അദ്ദേഹത്തിന് നീതിലഭിക്കുന്നതിനായി അവസാനശ്വാസംവരെ പോരാടുമെന്ന ദൃഢപ്രതിജ്ഞയിലാണ് കുടുംബം. എല്ലാ തെളിവുകളുമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പ്രതികളെ ശിക്ഷിക്കാതിരുന്നതെന്ന് പെഹ്‌ലുഖാന്റെ മകന്‍ മുബാറിക് ഖാന്‍ ചോദിക്കുന്നു. കോടതി വിധി ഞങ്ങളെ വല്ലാതെ ബാധിച്ചു. പ്രതികള്‍ ജയിലില്‍ കഴിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകരും മന്ത്രിമാരും തങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

ഞങ്ങളുടെ അഭിഭാഷകന്‍ കോടതിയിലെത്തുമ്പോള്‍ ഇവിടെ ഇനി കണ്ടുപോവരുതെന്ന് ഭീഷണിപ്പെടുത്തും. ആ ഭയത്തില്‍നിന്നുണ്ടായതാണ് ഇപ്പോഴത്തെ കോടതി വിധിയെന്നും മുബാറിക് ഖാന്‍ പറയുന്നു. എന്റെ കുട്ടികള്‍ ജീവിച്ചിരിക്കുന്ന കാലംവരെ അവരുടെ പിതാവിന്റെ നീതിക്കായി പോരാട്ടം നടത്തുമെന്ന് പെഹ്‌ലുഖാന്റെ ഭാര്യ സുബൈന പ്രതികരിച്ചു. വിചാരണക്കോടതിയുടെ വിധിക്കെതിരേ ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇനി വിശ്രമമില്ലെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ സമ്മര്‍ദം കോടതി വിധിയെ സ്വാധീനിച്ചെന്ന് അയല്‍വാസികളും ദൃക്‌സാക്ഷികളുമായ അസ്മത് ഖാനും റഫീഖ് ഖാനും സാക്ഷ്യപ്പെടുത്തുന്നു. എന്തുപറഞ്ഞാലും ചെയ്താലും വീഡിയോയില്‍ തെളിവുകളുണ്ടെന്ന് അസ്മത് ഖാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് എന്തുതരം കോടതി വിധിയാണ്.

ആക്രമത്തിന്റെ വീഡിയോ ചിത്രീകരിച്ചയാള്‍ ആദ്യം പ്രതികള്‍ക്കെതിരേ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് പിന്‍മാറിയെന്നും അസ്മത്ഖാന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ പ്രതികള്‍ രക്ഷപ്പെടുമായിരുന്നില്ലെന്ന് റഫീഖ് ഖാന്‍ പറഞ്ഞു. വിചാരണക്കോടതിയുടെ വിധി അംഗീകരിക്കില്ലെന്നാണ് കുടുംബം പറയുന്നത്. അവര്‍ക്ക് നീതിലഭിക്കുന്നതുവരെ ഈ കേസുമായി പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വരുടെ ആക്രമണത്തില്‍ പെഹ്‌ലുഖാനൊപ്പമുണ്ടായിരുന്ന മക്കളായ ആരിഫിനും ഇര്‍ഷാദിനും പരിക്കേറ്റിരുന്നു. എന്നാല്‍, ക്രൂരമര്‍ദനത്തിനിരയായ പെഹ്‌ലുഖാന്‍ രണ്ടുദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. 

Tags:    

Similar News