ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഫോണുകള്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍

കേന്ദ്ര മന്ത്രിമാര്‍, സുപ്രിംകോടതി ജഡ്ജിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകളാണ് ചോര്‍ത്തിയതെന്നാണു സൂചന.

Update: 2021-07-18 13:42 GMT
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാരുടേയും സുപ്രിം കോടതി ജഡ്ജിമാരുടേയും ആര്‍എസ്എസ് നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ ഫോണുകള്‍ ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയര്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇതുസംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. വാഷിങ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപോര്‍ട്ടുകള്‍ പുറത്തുവിടുമെന്നാണ് സൂചനയെന്നും അതിനു ശേഷം താന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററിലൂടെ അറിയിച്ചു.

    മോദിയുടെ മന്ത്രിസഭയിലെ അംഗങ്ങള്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രിംകോടതി ജഡ്ജിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ഇസ്രായേല്‍ കമ്പനിയായ പെഗാസസിനെ നിയമിച്ചതു സംബന്ധിച്ച റിപോര്‍ട്ട് ഐഎസ്ടി, വാഷിങ്ടണ്‍ പോസ്റ്റ്, ലണ്ടന്‍ ഗാര്‍ഡിയന്‍ എന്നിവ പ്രസിദ്ധീകരിക്കുമെന്ന് അഭ്യൂഹമുണ്ടെന്നും ഇതിനു ശേഷം ഞാന്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തത്. രാജ്യത്തെ നയതന്ത്രജ്ഞര്‍, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സൂചന.ഇതോടെ, രാജ്യത്ത് വീണ്ടും ഫോണ്‍ ചോര്‍ത്തല്‍ വിവാദം ശക്തമാവുകയാണ്.

    പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടാണ് ഫോണ്‍ ചോര്‍ത്തിയതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയന്‍ ആരോപിച്ചു. ലോക്‌സഭാ എംപി കാര്‍ത്തി ചിദംബരം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷീലാ ഭട്ട് എന്നിവരും ഫോണ്‍ ചോര്‍ത്തലിനെതിരേ രംഗത്തെത്തി. പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സ് ആപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് 2019ല്‍ റിപോര്‍ട്ടുകളുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെയും വിവരാവകാശ പ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ പെഗാസസ് നുഴഞ്ഞുകയറിയതായി വാട്‌സ് ആപ് കേന്ദ്രത്തിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

    ഇക്കാലയളവില്‍ വിവിധ രാജ്യങ്ങളിലുളള 1,400ഓളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണു റിപോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ പെഗാസസിന്റെ അനധികൃത ഉപയോഗം നടത്തിയിട്ടില്ലെന്നായിരുന്നു അന്നത്തെ കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നത്. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി മുഴുവന്‍ വിവരവും ചോര്‍ത്തുകയാണ് ചെയ്യുന്നത്. നേരത്തെയും പെഗാസസിനെതിരേ ആരോപണമുയര്‍ന്നിരുന്നു.

'Pegasus tapping phones of Modi's ministers, RSS leaders': MPs tease 'explosive' news

Tags:    

Similar News