പാഞ്ചജന്യയുടേത് ധർമസമരം; ഇൻഫോസിസിനെ ദേശവിരുദ്ധരെന്ന് ആക്ഷേപിച്ചതിനെ ന്യായീകരിച്ച് ആർഎസ്എസ് നേതാവ്

Update: 2021-09-09 05:53 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കാന്‍ നക്‌സലുകള്‍ക്കും ഇടതുകള്‍ക്കും കൂട്ടുനില്‍ക്കുകയാണെന്ന പാഞ്ചജന്യത്തിന്റെ ആരോപണം ശരിവച്ച് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ. പാഞ്ചജന്യം നടത്തുന്നത് ധര്‍മസമരമാണെന്നും അതിന്റെ ദൂതരാണ് വാരികയെന്നും മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

പാഞ്ചജന്യത്തിന്റെ ന്യൂഡല്‍ഹി മയൂര്‍ വിഹാറിലെ പുതിയ ഓഫിസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, സംഘപരിവാറിന്റെ മറ്റനവധി നേതാക്കള്‍ എന്നിവരും വേദിയിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആര്‍എസ്എസ് ബെംഗളൂര്‍ ആസ്ഥാനമായ ഇന്‍ഫോസിസിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. മാത്രമല്ല, പാഞ്ചജന്യം സംഘപരിവാര്‍ മുഖപത്രമല്ലെന്നും വിശദീകരിച്ചു. ഈ നിലപാടാണ് ഇപ്പോള്‍ വൈദ്യ തിരുത്തിയത്.

'' ഇന്ത്യന്‍ തത്ത്വചിന്ത എല്ലാതിനോടും സഹിഷ്ണുത കാണിക്കുകയും എല്ലാതിനെയും സ്വീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ അതിനെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന ചിലതുണ്ട്. ചില ദേശവിരുദ്ധ ശക്തികള്‍. അവ നമ്മെ സാവധാനം നിര്‍വീര്യമാക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇതൊരു ധര്‍മയുദ്ധമാണ്. പാഞ്ചജന്യം അതിന്റെ ദൂതനാണ്''- വൈദ്യ പറഞ്ഞു.

''ധര്‍മത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ക്കെതിരേ അമ്പെയ്യേണ്ടതുണ്ട്. ഒടുവില്‍ ധര്‍മം വിജയിക്കും. എല്ലാവരേയും നാം കൂടെ കൂട്ടണം''- അദ്ദേഹം തുടര്‍ന്നു.

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാഞ്ചജന്യവും ഓര്‍ഗനൈസറും തന്നെയെന്ന് വൈദ്യ മറുപടി പറഞ്ഞു.

ഇന്‍ഫോസിസ് ഇന്ത്യയുടെ വിസനത്തില്‍ ഏറെ സംഭാവന ചെയ്ത കമ്പനിയാണെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് വക്താവ് സുനില്‍ അംബേദ്കര്‍ പറഞ്ഞിരുന്നു. പാഞ്ചജന്യയിലെ ലേഖനം ആര്‍എസ്എസ്സിന്റേതല്ല, ലേഖകന്റേതാണെന്നും പറഞ്ഞിരുന്നു. പാഞ്ചജന്യം ആര്‍എസ്എസ് മുഖപത്രമല്ലെന്നും സുനില്‍ പറഞ്ഞു. ആ നിലപാടാണ് ഇപ്പോള്‍ വൈദ്യ തിരുത്തുന്നത്.

ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് മാനേജ് ചെയ്യുന്നത് ഇന്‍ഫോസിസാണ്. എന്നാല്‍ കുറേ നാളായി ആ വെബ്‌സൈറ്റില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടിയിട്ടുണ്ട്. അതിനെക്കുറിച്ച് അന്വേഷിക്കാന്‍ ധനമന്ത്രി ഇന്‍ഫോസിസ് മേധാവിയെ വിളിച്ചുവരുത്തിയിരുന്നു. വിളിച്ചുവരുത്തിയ കാര്യം ട്വിറ്ററിലും പ്രസിദ്ധപ്പെടുത്തി. ഇതിനെതിരേയാണ് ആര്‍എസ്എസ് വക്താക്കള്‍ രംഗത്തെത്തിയത്. ഇന്‍ഫോസിസ് ദേശവിരുദ്ധ ശക്തികള്‍ക്കുവേണ്ടിയാണ് വെബ്്‌സൈറ്റ് പ്രവര്‍ത്തനരഹിതമാക്കിയതെന്നുപോലും ആരോപണമുന്നയിച്ചു. ഇതേ കുറിച്ചായിരുന്നു പാഞ്ചജന്യം ലേഖനം.

ഇന്‍ഫോസിസിനെതിരേ എടുത്ത സമീപനം ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. .

കഴിഞ്ഞ ആഗസ്തില്‍ ടാറ്റ ഗ്രൂപ്പിനെതിരേയും സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ലാഭത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ പോരെന്നായിരുന്നു ധമന്ത്രിയുടെ ആക്ഷേപം.

ആമസോണ്‍, മൊന്‍സാന്റോ തുടങ്ങിയ കമ്പനികള്‍ക്കെതിരേ പരസ്യനിലപാട് സ്വീകരിക്കാറുണ്ടെങ്കിലും മോദി സര്‍ക്കാര്‍ ഇന്ത്യന്‍ കമ്പികള്‍ക്കെതിരേ ഇത്തരം നിലപാടെടുക്കുന്നത് ഇതാദ്യമാണ്.