മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടിവന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങള്‍.
ഹൈദരി തങ്ങള്‍ അസുഖബാധിതനായ സമയത്ത് സാദിഖലിയാണ് താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായിരുന്നു സാദിഖലി.
1964ല്‍ പിഎംഎസ്എ പൂക്കോയ തങ്ങളുടെയും ഖദീജ ഇമ്പിച്ചി ബീവിയുടേയും മകനായാണ് ജനനം. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീവി എന്നിവരും അബ്ബാസലി ശിഹാബ് തങ്ങള്‍, മുല്ല ബീവി എന്നിവരും സഹോദരങ്ങളാണ്.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി, വളവന്നൂര്‍ ബാഫഖി യതീംഖാന പ്രസിഡന്റ്, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ വൈസ് പ്രസിഡന്റ്, കാടഞ്ചേരി നൂറുല്‍ ഹുദാ ഇസ്‌ലാമിക് കോളജ് പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
