പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മയായി

Update: 2022-03-06 07:19 GMT

കെ പി ഒ റഹ്മത്തുല്ല

എറണാകുളം: മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരത്തോളം മഹല്ലുകളുടെ ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ അമരക്കാരനായിരിക്കെത്തന്നെ മുസ്‌ലിം സമുദായത്തിന്റെ ആത്മീയ നേതാവും സാഹോദര്യത്തി ന്റെയും സമഭാവനയുടെയും പ്രചാരകനുമായിരുന്നു. പന്ത്രണ്ട് വര്‍ഷമായി (2009 ഓഗസ്റ്റ് മുതല്‍) മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്. ലീഗ് ഉന്നതാധികാര സമതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റുമായിരുന്നു.

പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ.) പൂക്കോയ തങ്ങളുടെയും ആയിശ ചെറുകുഞ്ഞി ബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. ചെറുപ്പത്തിലേ മാതാവ് മരിച്ചതോടെ പിതൃസഹോദരി മുത്തു ബീവിയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്.

പാണക്കാട് ദേവധാര്‍ എല്‍.പി. സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. 1959ല്‍ കോഴിക്കോട് എം.എം. ഹൈസ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുനാവായക്കടുത്തെ കോന്നല്ലൂരില്‍ മൂന്നുവര്‍ഷം ദര്‍സ് പഠനം (മതപഠനം). പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബി കോളേജിലും പഠിച്ചു. പട്ടിക്കാട് ജാമിഅഃനൂരിയ്യഃഅറബിക് കോളേജില്‍ നിന്ന് 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം നേടി.

ഭാര്യ: കൊയിലാണ്ടിയിലെ അബ്ദുള്ള ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റ. മക്കള്‍: ഈം അലി ശിഹാബ്, മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്‌രി ( കോഴിക്കോട് ) സയ്യിദ് ഹബീബ് സഖാഫ് (തിരൂര്‍ )

സഹോദരങ്ങള്‍: സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, ഉന്നതാധികാര സമിതിയംഗം), അബ്ബാസലി ശിഹാബ് തങ്ങള്‍ (മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ്) മുല്ല ബീവി, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഖദീജ ബീവി.

ഒട്ടേറെ മത, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അധ്യക്ഷനും ആയിരത്തിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്നു ഹൈദരലി തങ്ങള്‍. 1973 ല്‍ സമസ്തയുടെ വിദ്യാര്‍ഥി സംഘടന എസ്എസ്എഫ് രൂപവത്കരിച്ചപ്പോള്‍ പ്രഥമ പ്രസിഡന്റായി. 1994ല്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേറ്റത്. 1977 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി. പിന്നീട് ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരക്കുണ്ട് ദാറുന്നജാത്ത് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുടെയും പ്രസിഡന്റ് പദവിയിലെത്തി.

1983ല്‍ ജേഷ്ഠ സഹോദരന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. രണ്ടരപ്പതിറ്റാണ്ടുകാലം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണശേഷം 2009 ഓഗസ്റ്റിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായത്.