പാലത്തായി ബാലികാ പീഡനക്കേസ്: ശാസ്ത്രീയ തെളിവുകളടങ്ങിയ കുറ്റപത്രം സമര്‍പ്പിച്ചു

Update: 2021-07-06 07:08 GMT

കണ്ണൂര്‍: ബിജെപി നേതാവായ അധ്യാപകന്‍ പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രതിയായ ബിജെപി നേതാവ് കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളടങ്ങിയ കുറ്റപത്രമാണ് ഡിവൈഎസ്പി പി കെ രത്‌നകുമാര്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ സ്‌കൂള്‍ ശുചിമുറിയിലെ രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. രക്തക്കറയുടെ ഫോറന്‍സിക് പരിശോധനാ റിപോര്‍ട്ട് നേരത്തേ ലഭിച്ചിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് ഐജിയായിരുന്ന എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രതിക്ക് അനുകൂലമായി റിപോര്‍ട്ട് നല്‍കുകയും പോക്‌സോ നിയമം ഒഴിവാക്കുകയും ചെയ്തതിനെ തുടര്‍ന്ന് പത്മരാജന്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.

    ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കടവത്തൂര്‍ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ചെന്നാണ് കേസ്. തുടക്കം മുതല്‍ കേസന്വേഷണത്തില്‍ നിസ്സംഗത പാലിച്ച പോലിസ് പ്രതിഷേധത്തെ തുടര്‍ന്നാണ് പോക്‌സോ പ്രകാരം പാനൂര്‍ പോലിസ് കേസെടുത്തത്. എന്നാല്‍, കൊവിഡിന്റെ പേരുപറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് വീണ്ടും ജനകീയ പ്രതിഷേധം ഉയര്‍ന്നതോടെ അറസ്റ്റ് ചെയ്യുകയും കേസ് ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്നു പറഞ്ഞ് പോക്‌സോ ഒഴിവാക്കിയത് വന്‍ വിവാദമായിരുന്നു.     ഇരയായ പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്ന വിധത്തില്‍ ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ ഹൈക്കോടതി ഇടപെടലിലൂടെ അദ്ദേഹത്തെ അന്വേഷണ ചുമതലയില്‍ നിന്നു മാറ്റി. തുടര്‍ന്ന് കോസ്റ്റല്‍ ഐജി ഇ ജെ ജയരജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ വിശദവും ശാസ്ത്രീയവുമായ അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവില്‍ സ്‌കൂളിലെ ശുചിമുറിയിലെ ടൈല്‍സില്‍ രക്തക്കറ കണ്ടെത്തുകയും പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതിനിടെ, കേസില്‍ സിബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ പത്മരാജന്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് സിബി ഐയുടെയും സര്‍ക്കാരിന്റെയും വിശദീകരണം തേടിയിരിക്കുകയാണ്. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Palathayi POCSO case: Chargesheet filed with scientific evidence in court

Tags:    

Similar News