പാലത്തായി: കേസ് മുതൽ ജാമ്യം വരെ - പോലിസിന്റെ വീഴ്ചകൾ ഇങ്ങനെ
കേസിൽ കോടതി നടപടികൾ സ്വീകരിച്ച് വരികയാണെന്നും അതിനെക്കുറിച്ച് തനിക്കൊന്നും ഇപ്പോൾ പറയാൻ കഴിയില്ലല്ലോ എന്നുമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
കണ്ണൂർ: കണ്ണൂർ പാനൂരിലെ പാലത്തായിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകൻ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യം കിട്ടാനിടയായത് അന്വേഷണത്തിന്റെ തുടക്കം മുതൽ പോലിസ് സ്വീകരിച്ച മെല്ലെപ്പോക്ക് നയമാണ്. ബിജെപി നേതാവ് കൂടിയായ കുനിയിൽ പദ്മരാജനെ പരാതി ലഭിച്ച ശേഷം അറസ്റ്റ് ചെയ്യാൻ ശക്തമായ പ്രക്ഷോഭം വേണ്ടി വന്നു.
പദ്മരാജന്റെ അറസ്റ്റിന് ശേഷം കസ്റ്റഡിയിൽ വാങ്ങുന്നതും കുട്ടിയുടെ മൊഴി എടുക്കുന്നതും പോലിസ് വൈകിപ്പിച്ചു. പിന്നീട് കുറ്റപത്രം സമർപ്പിച്ചപ്പോഴാകട്ടെ അതിൽ നിന്ന് പോക്സോ ഒഴിവാക്കപ്പെട്ടു. കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസമാണ് പോലിസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ തയാറായത്. കൂടാതെ പരാതിയിൽ മറ്റൊരു പ്രതിയെക്കൂടി പറയുന്നുണ്ടെങ്കിലും ഇതുവരെ അയാളെ പിടികൂടാനോ അന്വേഷിക്കാനോ പോലിസ് തയ്യാറായിട്ടില്ല. കേസിൽ കോടതി നടപടികൾ സ്വീകരിച്ച് വരികയാണെന്നും അതിനെക്കുറിച്ച് തനിക്കൊന്നും ഇപ്പോൾ പറയാൻ കഴിയില്ലല്ലോ എന്നുമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇത് സിപിഎം സംഘപരിവാർ ബാന്ധവമല്ലാതെ മറ്റെന്താണ് സൂചിപ്പിക്കുന്നത്?.
അറസ്റ്റിലായി മൂന്ന് മാസം പിന്നിടുമ്പോൾ കുനിയിൽ പദ്മരാജൻ തലശേരി ജില്ലാ കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്ത് എത്തുകയാണ്. കേസിന്റെ തുടക്കത്തിൽ ലോക്ഡൗൺ എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസിനെതിരേ കടുത്ത വിമർശനങ്ങളാണ് വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഉയർത്തിയത്. ലോക്കൽ പൊലിസ്, തലശേരി ഡിവൈഎസ്പിക്ക് കീഴിലുളള പ്രത്യേക അന്വേഷണ സംഘം, ഒടുവിൽ ക്രൈം ബ്രാഞ്ച് എന്നിങ്ങനെ മൂന്ന് സംഘങ്ങളാണ് കേസിൽ അന്വേഷണം നടത്തിയത്.
- 2020 മാര്‍ച്ച് 16 നാണ് പഠിപ്പിക്കുന്ന സ്കൂളിലെ പത്തുവയസുകാരിയെ അധ്യാപകനായ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി പോലിസിന് ലഭിക്കുന്നത്. തലശേരി ഡിവൈഎസ്പിക്കാണ് കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പിന്നീട് പാനൂർ സ്റ്റേഷനിലേക്ക് കേസ് കൈമാറി. സിഐ ശ്രീജിത്തിനായിരുന്നു അന്വേഷണത്തിന്റെ ചുമതല. ബിജെപിയുടെ തൃപ്പങ്ങോട്ടൂർ മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും സംഘ്പരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവും കൂടിയായിരുന്ന പദ്മരാജനെതിരേ തുടക്കത്തിൽ തന്നെ നടപടി എടുക്കാൻ പൊലിസ് മടിച്ചു.
പരാതിയിൽ പോലിസ് നടപടി എടുക്കാതായതോടെ സിപിഎം, കോൺഗ്രസ്, മുസ് ലിം ലീഗ് എന്നിങ്ങനെ നിരവധി പാർട്ടികൾ രംഗത്തെത്തി. നാട്ടിലെ ജനങ്ങൾ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചും ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. അറസ്റ്റ് വൈകുന്തോറും പ്രതിരോധത്തിലായ സിപിഎം നേതാക്കൾ അടക്കം പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.
കേസിൽ പോലിസ് നടത്തിയത് പോക്സോ നിയമലംഘനങ്ങളെന്നായിരുന്നു ശിശുക്ഷേമ സമിതി അധ്യക്ഷൻ ഇഡി ജോസഫ് വ്യക്തമാക്കിയത്. കണ്ണൂരിൽ കൗൺസിലിങ്ങ് കേന്ദ്രങ്ങളുണ്ടായിട്ടും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (ശിശുക്ഷേമ സമിതി) അറിയിക്കാതെ നാലാംക്ലാസുകാരിയെ പോലിസ് കോഴിക്കോടേക്ക് കൊണ്ടുപോയത് തെറ്റാണ്, കുട്ടിയെ സ്കൂളിലും പോലിസ് സ്റ്റേഷനിലും കൊണ്ടുപോയി ചോദ്യം ചെയ്തത് പോക്സോ നിയമത്തിന്റെ ലംഘനമാണ്. പോലിസ് യൂനിഫോമിൽ അവരെ സമീപിക്കുകയോ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്താനോ പാടില്ലെന്നുമാണ് ശിശുക്ഷേമ സമിതി ഇതിനെക്കുറിച്ച് പറഞ്ഞത്.
ആരോഗ്യമന്ത്രി കെകെ ശൈലജയോട് അറസ്റ്റ് വൈകുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ താൻ കരുതിയത് അയാളെ അറസ്റ്റ് ചെയ്തെന്നായിരുന്നു എന്നാണ് മന്ത്രി മറുപടി നൽകിയത്. ഡിജിപിയെയും ഡിവൈഎസ്പിയെയും നേരിട്ട് ഫോണിൽ വിളിച്ച് അറസ്റ്റ് ഉടൻ വേണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞിരുന്നു. രാജ്യത്ത് കൊവിഡിനെ തുടർന്നുളള ലോക്ക് ഡൗൺ പ്രഖ്യാപിച്ചതാണ് പ്രതിയെ പിടികൂടാൻ കാലതാമസം എടുക്കുന്നതെന്നായിരുന്നു പോലിസ് നൽകിയ വിശദീകരണം. നാട്ടിൽ എല്ലായിടത്തും പരിശോധിച്ചെന്നും പ്രതി കർണാടകയിലേക്ക് കടന്നുകാണാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഡിവൈഎസ്പി കെവി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റിനായി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 11അംഗ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
ഏറെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ പരാതി നൽകി 31ാം ദിവസം ഏപ്രിൽ 15ന് കുനിയിൽ പദ്മരാജനെ പോലിസ് പാനൂർ പൊയിലൂരിലെ ബിജെപി കേന്ദ്രത്തിൽ നിന്നും പിടികൂടി. ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ് മന്ത്രിയുടെ വിമർശനം ഉയർന്ന് 24 മണിക്കൂറിനുളളിൽ പ്രതിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടിയത്. പ്രതിക്കെതിരേ പോക്സോയും ചുമത്തി.
അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുളള നീക്കവും ഭീഷണി ഉണ്ടാകുന്നതായും ബന്ധുക്കളുടെ ആരോപണം. പ്രതിയെ പോലിസ് കസ്റ്റഡിയിൽ വാങ്ങിയതും വൈകിയാണ്. പദ്മരാജൻ കുട്ടിയെ ഒരു വീട്ടിലേക്ക് കൊണ്ടുപോയെന്നും അവിടെ ഉണ്ടായിരുന്ന ആളും കുട്ടിയെ പീഡിപ്പിച്ചെന്നും മൊഴി നൽകിയിരുന്നു. ഇതിൽ പോലിസ് അന്വേഷണം നടത്തിയില്ലെന്നും പുതിയ അന്വേഷണ സംഘത്തെ വെക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് പരാതിയും നൽകി.
2020 ഏപ്രിൽ 24ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി പുതിയ ഉത്തരവ്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെവി സന്തോഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കാൻ തീരുമാനം. ലോക്കൽ പോലിസ് കൈമാറിയ കേസിൽ പോക്സോ നിയമപ്രകാരം ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കാസർകോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടറായ ടി മധുസൂദനൻ നായർക്കായിരുന്നു അന്വേഷണത്തിന്റെ ചുമതല. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് നേരിട്ട് വിലയിരുത്തുമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിൽ പറഞ്ഞിരുന്നു.
പ്രതി പദ്മരാജൻ അറസ്റ്റിലായതിന് പിന്നാലെ തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിക്കളഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതിയിലും ജാമ്യത്തിന് ശ്രമിച്ചു. ക്രൈം ബ്രാഞ്ചിനോട് കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി കുട്ടിയുടെ മാതാവിനെയും കേസിൽ കക്ഷി ചേർത്തു. പിന്നാലെ ജാമ്യാപേക്ഷ തളളി.
പീഡനം ഉണ്ടാക്കിയ മാനസികാവസ്ഥയിൽ നിന്ന് കുട്ടി കരകയറിയിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. മൊഴിയെടുക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല കുട്ടി. ചോദ്യം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നും ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പ്രതി അറസ്റ്റിലായി 90ാം ദിവസം പൂർത്തിയാകുന്നതിന് മണിക്കൂറുകൾ ബാക്കിയുളളപ്പോൾ ജൂലൈ 14ാം തിയതി ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. ഇതിൽ പോക്സോ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് ചുമത്തിയിരുന്നത്. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയതെന്ന് വ്യാപക വിമർശനം ഉയർന്നു.
ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. നിലവില്‍ പോക്‌സോ ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഫോറന്‍സിക് റിപോര്‍ട്ടുകള്‍ ലഭിക്കാനുണ്ടെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. അതേസമയം വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ഉപദ്രവത്തെ സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്നും കുറ്റപത്രത്തിൽ പറയുന്നു.
2020 ജൂലൈ 16ന് പ്രതിയായ പദ്മരാജൻ നൽകിയ ഹരജിയിൽ തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 92 ദിവസങ്ങൾക്ക് ശേഷം വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ പദ്മരാജൻ പുറത്തേക്ക്. കേസിലെ രണ്ടാമനെക്കുറിച്ച് ഇതുവരെ അന്വേഷിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കുടുംബം ഇപ്പോഴും പറയുന്നു.
പദ്മരാജന് ജാമ്യം ലഭിച്ചതിന് പിന്നാലെ ആർഎസ്എസ് പോലിസ് ബാന്ധവം കൂടുതൽ വെളിപ്പെടുന്നുവെന്ന ആരോപണം ശക്തമാണ്. പരാതി ഉയർന്ന് നാലുമാസം പിന്നിട്ടിട്ടും പോക്സോ വകുപ്പുകൾ ചുമത്താൻ തക്കതായായ തെളിവുകൾ ശേഖരിക്കാൻ കൊവിഡ് കാലത്ത് കഴിഞ്ഞില്ലെന്നാണ് പോലിസ് വിശദീകരണം. ഇതിനു മുമ്പും ആർഎസ്എസ് പ്രതി സ്ഥാനത്ത് വരുന്ന പലകേസുകളിലും പോലിസ് സംവിധാനം ഇഴഞ്ഞു നീങ്ങുകയായിരുന്നുവെന്നതാണ് ചരിത്രം.

