പാകിസ്താനിലെ മിന്നല്‍ പ്രളയം; മരണം 1,000 കടന്നു, ദുരതത്തിലായത് 30 ദശലക്ഷത്തിലധികം പേര്‍
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയിലും പ്രളയത്തിലും മരണപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. മൂന്ന് ദശാബ്ദത്തിനിടയില്‍ പെയ്ത ഏറ്റവും ഉയര്‍ന്ന മഴയില്‍ പാകിസ്താനില്‍ ദുരിതത്തിലായത് 30 ദശലക്ഷത്തിലധികം ആളുകളാണ്. 10 ബില്യന്‍ ഡോളറിലധികം നാശനഷ്ടമുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്. ജൂണ്‍ മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് മരണസംഖ്യ ഇത്രയും ഉയരുന്നതെന്നാണ് ഔദ്യോഗിക കണക്ക്. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകര്‍ന്നു.
അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തു. 5.7 ദശലക്ഷം പേര്‍ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.
അടുത്ത ആഴ്ചയും കനത്ത മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയവും തുടര്‍ച്ചയായ മഴയും മൂലം വിതരണക്കുഴലുകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പാചകവാതകക്ഷാമം അനുഭവപ്പെടുന്നുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഷെഹ്ബാസ് ഷരീഫ് സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയോട് അടിയന്തരസഹായം ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. യുഎന്‍ സെന്‍ട്രല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഫണ്ട് ഇതിനോടകം മൂന്ന് ദശലക്ഷം ഡോളര്‍ അനുവദിച്ചു.
അസാധാരണമായ 'കാലാവസ്ഥാ ദുരന്തമാണ്' ഉണ്ടായതെന്ന് പാകിസ്താന്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഫെഡറല്‍ മന്ത്രി ഷെറി റഹ്മാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വാര്‍ത്താ അഭിമുഖത്തില്‍ പറഞ്ഞു. പല ജില്ലകളിലും ജലനിരപ്പ് ഉയര്‍ന്ന് സമുദ്രത്തിന്റെ ഭാഗമാണെന്ന പ്രതീതിയാണ്. തങ്ങളുടെ ഹെലികോപ്റ്ററിന് റേഷന്‍ വിതരണം ചെയ്യാന്‍ കര കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയെ വിന്യസിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ എത്രത്തോളം മോശമായി ബാധിച്ചുവെന്ന് ഉടനടി വിലയിരുത്തിയിട്ടില്ല. നാശനഷ്ടം അദ്ദേഹത്തിന്റെ കണക്ക് 10 ബില്യന്‍ കവിയുമെന്ന് ധനമന്ത്രി മിഫ്താ ഇസ്മായില്‍ പറഞ്ഞു, പ്രാദേശിക പത്രമായ ദി ന്യൂസ് ഇന്റര്‍നാഷനല്‍ റിപോര്‍ട്ട് ചെയ്തു. തന്റെ പക്കല്‍ പണമില്ല, പക്ഷേ എന്തെങ്കിലും വഴി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു- ഇസ്മായില്‍ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാകിസ്താന്‍ മുങ്ങുകയാണ്. എല്ലായിടത്തും വളരെയധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയാന്‍ പാകിസ്താന്‍ പച്ചക്കറികളുടെ തീരുവ രഹിത ഇറക്കുമതി അനുവദിക്കുമെന്നും ഇതിനായി ഇന്ത്യയുമായി താല്‍ക്കാലിക ലാന്‍ഡ് റൂട്ട് തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വേഗതയേറിയ പണപ്പെരുപ്പം സര്‍ക്കാര്‍ അഭിമുഖീകരിക്കുകയും ഡോളര്‍ ക്ഷാമം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രകൃതി ദുരന്തം.

