ജോർജ് എം തോമസിന്റേത് നാക്കുപിഴയായി കണക്കാക്കിയാൽ മതി: പി മോഹനൻ
ജോർജ് എം തോമസ് ചില പരാമർശങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ലൗ ജിഹാദ് ഉൾപ്പെട്ടിട്ടില്ല. മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ആർഎസ്എസ് നിർമിക്കുന്നതാണ് ലൗ ജിഹാദ്. ജോർജ് എം തോമസിന് പിശക് പറ്റി.
കോഴിക്കോട്: കോടഞ്ചേരിയിലെ സിപിഎം പ്രാദേശിക നേതാവിന്റെ മിശ്രവിവാഹത്തിൽ വിദ്വേഷ പ്രസ്താവന നടത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോർജ് എം തോമസിന്റേത് നാക്കുപിഴയായി കണക്കാക്കിയാൽ മതിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. ജോർജ് എം തോമസിന് പിശക് പറ്റിയെന്നും പിശക് അദ്ദേഹത്തിന് ബോധ്യപ്പെടുകയും പാർട്ടിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്, ഇതോടെ ആ അധ്യായം അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
കോടഞ്ചേരിയിലെ മിശ്രവിവാഹത്തിൽ അസ്വഭാവികതയില്ല. വിഷയം വ്യക്തിപരമാണ്. പാർട്ടിയെ ബാധിക്കുന്നതല്ല. എന്നാൽ അവർ ഒളിച്ചോടിയെന്ന് പത്രങ്ങൾ പറയുന്നു. അത് വേണ്ടിയിരുന്നില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി വിവാഹം കഴിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. യുവതിയുടെ നിലപാട് കോടതിയും അംഗീകരിച്ചു. അതോടെ ആ അധ്യായം അടഞ്ഞുവെഞ്ഞും മോഹനൻ പറഞ്ഞു.
രാഷ്ട്രീയ താത്പര്യം വെച്ച് സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കില്ല. പാർട്ടി അതിനെ ശക്തമായി എതിർക്കും. ജോർജ് എം തോമസ് ചില പരാമർശങ്ങൾ നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ലൗ ജിഹാദ് ഉൾപ്പെട്ടിട്ടില്ല. മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ ആർഎസ്എസ് നിർമിക്കുന്നതാണ് ലൗ ജിഹാദ്. ജോർജ് എം തോമസിന് പിശക് പറ്റി. പിശക് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. പാർട്ടിയെ അത് അറിയിച്ചിട്ടുണ്ട്. നാക്കുപിഴയായി കണക്കാക്കിയാൽ മതി.
സംഭവത്തിൽ ഷെജിനോട് വിശദീകരണം ചോദിക്കേണ്ട ആവശ്യമൊന്നുമില്ല. നേരത്തെ അറിയിച്ചിരുന്നെങ്കിൽ പെൺകുട്ടിയുടെ വീട്ടുകാരെ പാർട്ടി ബോധ്യപ്പെടുത്തുമായിരുന്നു. ഷെജിനെതിരേ നടപടിയെടുക്കുന്നത് ഇപ്പോൾ പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും മോഹനൻ പറഞ്ഞു. സമുദായങ്ങളെ അകറ്റാനുള്ള നീക്കത്തെ പ്രതിരോധിക്കാനാണ് വിശദീകരണ യോഗം നടത്തുന്നത്. ലൗ ജിഹാദിൽ സിപിഎം നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഭീഷണിയും ഷെജിനും ജ്യോത്സനക്കും ഉണ്ടാകില്ല. ന്യായമായ വിഷയങ്ങളിൽ എല്ലാവർക്കും പാർട്ടിയുടെ സംരക്ഷണമുണ്ടാകുമെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.
മിശ്രവിഹാഹം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന വാദം ശരിയല്ലെന്ന് ലിൻറോ ജോസഫ് എംഎൽഎ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഷെജിനുമായി ബന്ധപ്പെടാൻ സാധിക്കാത്തതാണ് നേതാക്കൾക്ക് അവ്യക്തത ഉണ്ടാകാൻ കാരണം. സംഭവത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടുന്നത് ശരിയല്ലെന്നും ലിൻറോ ജോസഫ് പറഞ്ഞു.
എന്നാൽ ജോർജ് എം തോമസ് പറഞ്ഞ പാർട്ടി രേഖയെ കുറിച്ച് പി മോഹനൻ മൗനം പാലിച്ചു. ഞങ്ങളുടെ രേഖകളിൽ പ്രൊഫഷണൽ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഭ്യസ്ഥവിദ്യരായ യുവതികൾ ലൗ ജിഹാദ് പോലുള്ള കാര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നുവെന്ന് പറയുന്നുണ്ട്. അങ്ങിനെയൊന്നുണ്ടെന്ന് പാർട്ടി ജേണലുകളിലും പ്രമേയങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ലൗ ജിഹാദ് നടക്കുന്നുണ്ട്, അപൂർവമായിട്ട്. പ്രൊഫഷണൽ കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികളെ എന്താ പറയാ, ലൗ ജിഹാദ് എന്നോ മറ്റോ പേര് പറഞ്ഞ് മതരഹിത വിവാഹത്തിലേക്കും ഇതര മത വിവാഹങ്ങളിലേക്കും പ്രേരിപ്പിക്കുന്നുണ്ടെന്നായിരുന്നു ജോർജ് എം തോമസ് പറഞ്ഞത്.

