ലോക് സഭയില്‍ എപ്‌സ്റ്റൈന്‍ ഫയല്‍ മുതല്‍ യുഎസ് ആധിപത്യം വരെ നിലപാട് പറഞ്ഞ് പ്രതിപക്ഷ നേതാവ്

Update: 2026-02-11 10:21 GMT

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷ നിലപാട് തുറന്നു പറഞ്ഞ് രാഹുല്‍ ഗാന്ധി. ബജറ്റ് സമ്മേളനത്തിന്റെ 11ാം ദിവസമായ ഇന്ന് രാഹുല്‍ ഗാന്ധി ഭരണപക്ഷത്തിനെതിരേ ആഞ്ഞടിച്ചു. ബജറ്റ് പൊള്ളയായ വാഗ്ദാനമാണെന്നു തുറന്നു കാട്ടിയ രാഹുല്‍ തന്റെ പ്രസംഗത്തില്‍ എപ്‌സ്‌റ്റൈന്‍ ഫയലുകളും വിവാദവുമുള്‍പ്പെടെ ഇന്ത്യക്കു മേലുള്ള യുഎസ് ആധിപത്യം വരെ ഉള്‍പ്പെടുത്തി.


ഇന്ത്യ യുഎസ് വ്യാപാരകരാര്‍

യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര കരാറിനെതിരേ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനമുന്നയിച്ചു. 'നിങ്ങള്‍ ഇന്ത്യ വിറ്റു എന്നാണ് ഞാന്‍ പറയുന്നത്. ഇന്ത്യ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങള്‍ നമ്മുടെ അമ്മയായ ഭാരത മാതാവിനെ വിറ്റു. രസകരമായ കാര്യം, സാധാരണ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രി ഇങ്ങനെ ഒന്നും ചെയ്യില്ലെന്നറിയാം. എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യ വിറ്റതെന്ന് നിങ്ങള്‍ക്കറിയാമോ? കാരണം ട്രംപ് അദ്ദേഹത്തെ കഴുത്തില്‍ പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഭയം നമുക്ക് കാണാന്‍ കഴിയും,' രാഹുല്‍ പറഞ്ഞു.


തീരുമാനങ്ങള്‍ എടുക്കുന്നത് ട്രംപ്

നമ്മുടെ ശക്തമായ തുണി വ്യവസായം 18 ശതമാനം താരിഫ് നേരിടുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബംഗ്ലാദേശ് അമേരിക്കയില്‍ നിന്ന് പരുത്തി ഇറക്കുമതി ചെയ്താല്‍ അതിന് പൂജ്യം താരിഫ് ഈടാക്കും. ഇതിനര്‍ഥം നമ്മുടെ തുണി വ്യവസായം ഇല്ലാതായി എന്നാണ്. ഇപ്പോള്‍ നമ്മള്‍ ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്നു. റഷ്യയും ഇറാനും ആരില്‍ നിന്ന് വാങ്ങും - ഈ തീരുമാനങ്ങളെല്ലാം എടുക്കുന്നത് നമ്മുടെ പ്രധാനമന്ത്രിയല്ല, അമേരിക്കയാണ്. തുടക്കത്തില്‍ അമേരിക്ക നമ്മുടെ മേല്‍ മൂന്നുശതമാനം താരിഫ് ചുമത്തിയിരുന്നു, ഇപ്പോള്‍ അത് 18 ശതമാനം താരിഫ് ചുമത്തിയിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു.


കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നു

ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി, കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്നു. സോയാബീന്‍, ചുവന്ന മണിച്ചോളം അടക്കമുള്ള ധാന്യങ്ങള്‍ക്കായി ഇന്ത്യ വാതില്‍ തുറന്നു കൊടുത്തു.

'ഞങ്ങള്‍ പറയും, പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ വോട്ട് ബാങ്കിനെ സംരക്ഷിക്കാന്‍ നിങ്ങളുടെ കര്‍ഷകരെ നിങ്ങള്‍ സഹായിക്കുന്നത് ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഞങ്ങളും ഞങ്ങളുടെ കര്‍ഷകരെ സംരക്ഷിക്കും. ഞങ്ങളെ പാകിസ്താന് തുല്യമായി കാണാന്‍ അനുവദിക്കില്ല.' രാഹുല്‍ പറഞ്ഞു.


അമേരിക്കയ്ക്ക് ഒരു സൂപ്പര്‍ പവര്‍ ആയി തുടരാന്‍ ഇന്ത്യന്‍ ഡാറ്റ ആവശ്യമാണ്

'അമേരിക്കക്കാര്‍ക്ക് ഒരു സൂപ്പര്‍ പവറായി തുടരാനും അവരുടെ ഡോളര്‍ സംരക്ഷിക്കാനും താല്‍പ്പര്യമുണ്ടെങ്കില്‍, ഇന്ത്യന്‍ ഡാറ്റ നിര്‍ണായകമാണ്. നമ്മുടെ ജനസംഖ്യ ഒരു ശക്തിയാണ്. പക്ഷേ ഡാറ്റ എത്രത്തോളം പ്രധാനമാണെന്ന് നിങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രം മതി. ഇന്‍ഡ്യാ സഖ്യം ട്രംപുമായി ചര്‍ച്ച നടത്തിയിരുന്നെങ്കില്‍, ഈ കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇന്ത്യന്‍ ഡാറ്റയെന്ന് ഞങ്ങള്‍ പറയുമായിരുന്നു,' രാഹുല്‍ പറഞ്ഞു.

'നമ്മള്‍ യുദ്ധത്തിന്റെ ഒരു യുഗത്തിലാണ് ജീവിക്കുന്നത്. ഗസയില്‍ ഒരു യുദ്ധമുണ്ട്, റഷ്യയും ഉക്രെയ്‌നും തമ്മില്‍ യുദ്ധത്തിലാണ്. ചൈന അമേരിക്കയെ വെല്ലുവിളിക്കുകയാണ്. ഊര്‍ജ്ജവും ധനകാര്യവും ഇപ്പോള്‍ ആയുധവല്‍ക്കരിക്കപ്പെട്ടു. നമ്മള്‍ യുദ്ധത്തിന്റെ ഒരു യുഗത്തിലേക്ക് കടക്കുകയാണ്. ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളുടെ ആഘാതം പരിഹരിക്കുന്നതിനെക്കുറിച്ച് രാജ്യത്തിന്റെ ബജറ്റ് ഒന്നും പറയുന്നില്ല. ഊര്‍ജ്ജത്തിന്റെയും ധനകാര്യത്തിന്റെയും ആയുധവല്‍ക്കരണത്തെക്കുറിച്ച് ബജറ്റില്‍ ഒന്നുമില്ല,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഹര്‍ദീപ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ എപ്‌സ്റ്റൈന്‍ ഫയലുകളില്‍ ഉണ്ട്


ഹര്‍ദീപ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ എപ്‌സ്റ്റൈന്‍ ഫയലുകളില്‍ ഉണ്ട്. 'എന്റെ വാദം തെളിയിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. യുഎസ് നീതിന്യായ വകുപ്പിന്റെ പക്കല്‍ എപ്‌സ്റ്റൈന്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉണ്ട്, അതില്‍ ഹര്‍ദീപ് പുരിയുടെയും അനില്‍ അംബാനിയുടെയും പേരുകള്‍ പരാമര്‍ശിക്കുന്നു. അദാനി വിചാരണ നേരിടുന്നു. അദ്ദേഹത്തിന് സമന്‍സ് അയച്ചിട്ടുണ്ട്. 18 മാസമായി അദ്ദേഹം അതിന് മറുപടി നല്‍കിയിട്ടില്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു.

'പ്രധാനമന്ത്രിയുടെ മേല്‍ നേരിട്ടുള്ള സമ്മര്‍ദ്ദമുണ്ട്. പ്രധാന കാര്യം, സാധാരണ സാഹചര്യങ്ങളില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെയാന്നും ചെയ്യില്ല എന്നതാണ്. അതായത്, ഡാറ്റ, കര്‍ഷകര്‍, ഊര്‍ജ്ജ സുരക്ഷ, പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ ഒരു പ്രധാനമന്ത്രിയും ഇത് ചെയ്യില്ല. സമ്മര്‍ദ്ദത്തിലാണെങ്കില്‍ മാത്രമേ ആരെങ്കിലും ഇത് ചെയ്യൂ. അതായത് എല്ലാം നിയന്ത്രിക്കുന്നത് മറ്റൊരാളാണ്. അവ മറ്റൊരാളുടെ കൈകളിലാണ്,' രാഹുല്‍ പറഞ്ഞു.

Tags: