മണിപ്പൂര്‍ കലാപം; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

Update: 2023-07-24 11:55 GMT

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യം തുടര്‍ച്ചയായി നിരസിക്കപ്പെട്ടതോടെ പ്രതിഷേധം ശക്തമായി. ഇതേത്തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു. പ്രധാന മന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറാവാതിരിക്കുകയും ആവശ്യത്തില്‍ ഉറച്ചുനിന്ന് പ്രതിപക്ഷ പ്രതിനിധികള്‍ ബഹളം വയ്ക്കുകയും ചെയ്തതോടെയാണ് ഇരു സഭകളും പിരിഞ്ഞത്. സഭ പിരിഞ്ഞ ശേഷം പ്രതിപക്ഷ നേതാക്കള്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സേവ് മണിപ്പൂര്‍, ഇന്ത്യ ഫോര്‍ മണിപ്പൂര്‍ തുടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധം.

    അതേസമയം,മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സത്യം എന്താണെന്ന് രാജ്യം അറിയണമെന്നും എന്നാല്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതിനിടെ, മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിങ്ങിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. രാജ്യസഭ അധ്യക്ഷന്റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതാണ് നടപടിക്ക് കാരണം. പ്രതിപക്ഷ ആവശ്യം തള്ളുകയും ചോദ്യോത്തരവേള ആരംഭിക്കുകയും ചെയ്തതോടെ രാജ്യസഭയുടെ നടത്തളത്തിലെത്തിയതിനാണ് സഞ്ജയ് സിങിനെ സസ്‌പെന്റ് ചെയ്തത്. നടുത്തളത്തിലെത്തി സഭാ നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് പീയുഷ് ഗോയല്‍ സഞ്ജയ് സിങിനെതിരെ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ചെയര്‍മാന്റെ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിനാല്‍ സഞ്ജയ് സിങ്ങിനെ ഈ സെഷന്റെ മുഴുവന്‍ സമയത്തേക്കും സസ്‌പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ അറിയിച്ചു. കൈകള്‍ ഉയര്‍ത്തി ശബ്ദവോട്ടോടെയാണ് സഭ പ്രമേയം അംഗീകരിച്ചത്.

Tags:    

Similar News